പേരാമ്പ്ര: നഗരത്തിൽ പ്രധാനറോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുന്ന ലിങ്ക്റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ. 2021-ൽ തുടങ്ങിവെച്ച പ്രവൃത്തിയാണ് ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതിനാൽ പാതിവഴിയിൽ കിടക്കുന്നത്. കുറ്റ്യാടി- പേരാമ്പ്ര റോഡിൽ മത്സ്യ മാർക്കറ്റിന് സമീപത്തുനിന്ന്‌ തുടങ്ങി വർഷ ബൈപ്പാസ് റോഡിൽ ചെന്നു ചേരുന്ന വിധമാണ് ലിങ്ക് റോഡ് വിഭാവനംചെയ്തത്.

To advertise here,

പേരാമ്പ്ര പഞ്ചായത്തിലെ 15-ാം വാർഡിലൂടെ മരക്കാടിത്തോട് കടന്നു പോകുന്നതിന് സമീപത്തുകൂടിയാണ് പുതിയ പാത നിർമിക്കുന്നത്. ഇതിനായി വർഷ ബൈപ്പാസിന് തൊട്ടടുത്ത് വരെ മരക്കാടിത്തോടിന്റെ വശം കെട്ടി ഉയർത്തി അഞ്ചുമീറ്റർ വീതിയിൽ മൺപാത 2021-ൽ തന്നെ ഒരുക്കിയതാണ്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പാത യാഥാർഥ്യമാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് 18 ലക്ഷം രൂപ ആദ്യം അനുവദിച്ചിരുന്നു.

മരക്കാടിത്തോടിനോട് ചേർന്ന് 1.20 മീറ്റർ വീതിയിൽ നടപ്പാത നിർമിക്കാനാണ് ആദ്യം ആലോചിച്ചിത്. ഇതിന്റെ നിർമാണം ആരംഭിക്കാനിരിക്കെ ഗ്രാമപ്പഞ്ചായത്തിന്റെ അന്നത്തെ ഭരണസാരഥികൾ സമീപത്തെ സ്ഥലമുടമകളുമായി സംസാരിച്ചപ്പോൾ സ്ഥലം വിട്ടുനൽകാൻ തയ്യാറാവുകയായിരുന്നു. ഇതോടെയാണ് കൂടുതൽ വീതിയിൽ പുതിയ പാത നിർമിക്കാൻ വഴിയൊരുങ്ങിയത്. തോട്ടിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ പാതയ്ക്കരികിൽ നെറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. മാർക്കറ്റ് പരിസരം മുതൽ വർഷ ബൈപ്പാസ് വരെ 190 മീറ്റർ നീളുന്നതാണ് പുതിയ പാത. വർഷ ബൈപ്പാസിന് സമീപത്ത് തോടിന്റെ എതിർവശത്തുകൂടിയാണ് കുറച്ച് ദൂരം പാതയൊരുക്കുന്നത്.

ഇതിനായി ഈ ഭാഗത്തുള്ള രണ്ട് സ്ഥലമുടമകളും സ്ഥലം വിട്ടുനൽകാൻ തയ്യാറായതാണ്. ഈ മേഖലയിൽ തോടിന് കുറുകെ പാലവും നിർമിക്കണം. പാലം നിർമാണത്തിനും റോഡ് ടാറിങ്ങിനുമാണ് ഇനി ഫണ്ട് വേണ്ടത്. നിലവിൽ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമൊന്നും തുക വകയിരുത്തിയിട്ടില്ല.

റോഡ് പൂർത്തിയാകുന്നതോടെ പേരാമ്പ്ര-വടകര റോഡ് കവലയിലെ കുരുക്കിൽപ്പെടാതെ ചെറിയ വാഹനങ്ങൾക്ക് വടകര ചാനിയംകടവ് റോഡിലെത്താൻ എളുപ്പവഴിയായി ഇത് മാറും. ഈ രീതിയിൽ യാത്ര ചെയ്യാനാകുന്ന ഇപ്പോഴുള്ള വർഷ ബൈപ്പാസാണെങ്കിൽ വളവുകളും വീതിക്കുറവുമുള്ള പാതയാണ്. വർഷ ബൈപ്പാസും പുതിയ പാതയും വൺവേ ആക്കി മാറ്റിയാൽ യാത്ര കൂടുതൽ സുഗമാവുകയും ചെയ്യും.