തിരുവമ്പാടി : രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തോട്ടിൽ തള്ളാറുള്ള ലോറി ഒടുവിൽ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ തിരുവമ്പാടി യു.സി. മുക്കിൽനിന്ന്‌ പോലീസിനെ വെട്ടിച്ചുരക്ഷപ്പെട്ട ലോറിയാണ് തിരുവമ്പാടി എസ്. എച്ച്.ഒ. ഇ.കെ. രമ്യ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽനിന്ന് കസ്റ്റഡയിലെടുത്തത്.

To advertise here,

സംഭവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് പറഞ്ഞു കീഴടങ്ങി പോലീസിനെ കബളിപ്പിച്ചതുൾപ്പെടെ കേസ് അട്ടിമറിക്കാനുളള നാടകീയരംഗങ്ങൾ അരങ്ങേറി. ഇതുമായി ബന്ധപ്പെട്ട് മഞ്ചേരി ആനക്കയം വടക്കേമേലെമണ്ണിൽ കൂരിമണ്ണിൽ അനീസ് (47), മഞ്ചേരി ഇരുമ്പുഴി കപ്പാട്ട് പാലംപടിയത്ത് നവാസ് ശരീഫ് (38) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു.

പോലീസിനെ വെട്ടിച്ചു വാഹനംപോയ ഊടുവഴികൾ ഉൾപ്പെടെ റൂട്ടൂകളെ കുറിച്ച് ചോദിച്ചപ്പോൾ മറുപടിയിലെ വൈരുധ്യമാണ് യഥാർഥ പ്രതികളല്ലെന്ന് തെളിഞ്ഞത്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ പോലീസിനെ കബളിപ്പിച്ചതിനാണ് കേസ്. രാവിലെ മഞ്ചേരിയിൽനിന്ന്‌ കസ്റ്റഡിയിലെടുത്ത വണ്ടി കൊണ്ടുവരവേ തൊണ്ടിമ്മലിൽ കേടാവുകയും റോഡരികിൽ നിർത്തിയിടുകയുംചെയ്തു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ സംഘടിച്ചെത്തി വാഹനത്തിനുനേ​േര ആക്രമണമുണ്ടായി. നിർത്തിയിട്ട ലോറിയുടെ ചില്ലുകൾ എറിഞ്ഞുതകർത്തു. കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർ പ്ലേറ്റില്ലാത്ത ലോറിയെ എസ്.ഐ. അനന്തുവും ഡ്രൈവർ അനൂപും രാത്രി മണിക്കൂറിലേറെ സമയം അതിസാഹസികമായി പിന്തുടർന്നെങ്കിലും നിലമ്പൂരിൽവെച്ച് അപ്രത്യക്ഷമാകുകയാണുണ്ടായത്.

പോലീസിനു പിന്നാലെ പലയിടങ്ങളിലും നാട്ടുകാർ ബൈക്കുകളിലും കാറുകളിലുമായി ലോറിയെ പിന്തുടർന്നിരുന്നു.

ഡ്രൈവറുടെ പടമെടുത്തെങ്കിലും അവ്യക്തമായിരുന്നു. തുടർന്ന് തിരുവമ്പാടി പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് നടത്തിയ ഊർജിതാന്വേഷണത്തിലാണ് വണ്ടി പിടികൂടാനായത്. തിരുവമ്പാടി-മുക്കം റോഡിൽ തൊണ്ടിമ്മൽ മരക്കാട്ടുപുറം തോട്ടിൽ ഉൾപ്പെടെ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നതായി വ്യാപക പരാതിക്കിടെയാണ് വണ്ടി പിടികൂടാനായത്.

ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന തോട് മലിനമയമാക്കുന്നതിനെതി​േര വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പോലീസ് പട്രോളിങ് ഊർജിതപ്പെടുത്തിയത്. റോഡരികിൽ കേടായി നിർത്തിയിട്ടിരിക്കുന്നത് കക്കൂസ് മാലിന്യം തള്ളിയ വണ്ടിയാണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ ജനപ്രതിനിധികളോടൊപ്പം എത്തി. വണ്ടി ക്രെയിൻ ഉപയോഗിച്ചാണ് സ്റ്റേഷനിലേക്ക് മാറ്റിയത്.