കോഴിക്കോട്: ജാതി-മത ഭേദമില്ലാതെ ഭിന്നശേഷിക്കാരെയും ട്രാൻസ്ജെൻഡേഴ്സിനെയും ഉൾപ്പെടെ എല്ലാവരെയും തുല്യരായി കാണാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസം വീടുകളിൽനിന്ന് തുടങ്ങണമെന്ന് കാലിക്കറ്റ് സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്. കോഴിക്കോട്ടെ സി.ഐ.സി.എസ്. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ 'ബോധനശാസ്ത്രത്തിലെ സാധ്യതകൾ: വർത്തമാനകാല കാഴ്ചപ്പാടുകളും ഭാവികാല വിവക്ഷകളും' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

വിമർശനാത്മകമായും സ്വതന്ത്രമായും ചിന്തിക്കാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക എന്നതാണ് അധ്യാപക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വരുംതലമുറയെ വളർത്തിയെടുക്കാനുള്ള ഉൾക്കാഴ്ചയുള്ളവരായിരിക്കണം അധ്യാപകവിദ്യാർഥികളെന്ന് കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. പി.ടി.എ. റഹിം പറഞ്ഞു. 

ചടങ്ങിൽ സി.ഐ.സി.എസ്. ചെയർപേഴ്സൺ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദിര സ്വാഗതവും ടി.ടി.ഐ. പ്രിൻസിപ്പൽ ഡോ. ജമുനാ ദേവി നന്ദിയും പറഞ്ഞു .