കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ്
ചുഴലി : വളയം പഞ്ചായത്തിലെ ചുഴലി മുതുകുറ്റിയിൽ പുലിയെ കണ്ടതായി നാട്ടുകാർ. നിരവുമ്മൽ സ്വദേശി സുധീഷിന്റെ റബ്ബർതോട്ടത്തിലാണ് വ്യാഴാഴ്ച പുലർച്ചെ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് ജീവിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നുതവണ പ്രദേശത്ത് പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശവാസികളും റബ്ബർ തൊഴിലാളികളും ഭീതിയിലായി.ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശത്തെ സ്വകാര്യഭൂമികളിൽ ഭൂരിഭാഗവും കാടുപിടിച്ചനിലയിലാണ്. ഇവ വെട്ടിത്തെളിക്കാത്തതിനാൽ വന്യജീവികളുടെ താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം പ്രദേശത്ത് പതിവാണ്. കാട്ടുപന്നികളുടെ ശല്യംകാരണം സ്വകാര്യഭൂമികളിൽ കൃഷിചെയ്യാൻപോലും ഉടമകൾ മടിക്കുന്ന സാഹചര്യവുമുണ്ട്.പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി പരിശോധന നടത്തി. ജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി പ്രദേശത്തെ മണ്ണിൽ കാൽപ്പാടുകളുണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും പുലിയുടേതെന്ന് ഉറപ്പിക്കാവുന്ന കാൽപ്പാടുകൾ കണ്ടെത്താനായില്ല.
കണ്ടത് കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.എന്നാൽ, കണ്ടത് ഏത് ജീവിയാണെന്ന് ശാസ്ത്രീയമായി പരിശോധിച്ച് സ്ഥിരീകരിക്കണമെന്നും പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരംകാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുലിയാണെന്ന സംശയം നിലനിൽക്കുന്നതിനാൽ പുലർച്ചെയും വൈകുന്നേരങ്ങളിലും റബ്ബർ ടാപ്പിങ്ങിനും മറ്റ് ജോലികൾക്കുമായി തോട്ടങ്ങളിലെത്തുന്ന തൊഴിലാളികൾ ഭയത്തോടെയാണ് കഴിയുന്നത്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തണമെന്നും തൊഴിലാളികൾക്കും പ്രദേശവാസികൾക്കും സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.നാദാപുരം കുമ്മംകോട് മേഖലയിൽ പുലിയെ കണ്ടെന്ന വാർത്തയെ തുടർന്നുണ്ടായ ആശങ്ക പൂർണമായി ഒഴിയുന്നതിന് പിന്നാലെയാണ് മുതുകുറ്റിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ മലയോരമേഖലകളിലെ വന്യജീവിസാന്നിധ്യവും ജനങ്ങളുടെ സുരക്ഷയും വീണ്ടും ചർച്ചയാവുകയാണ്.
Published: 13 Nov 2026, 03:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented