പേരാമ്പ്ര : പൈങ്കുളം പാടത്ത് വർഷത്തിൽ മുന്ന് വിളകൃഷിയിറക്കിയ കാലം പഴയ കർഷകരുടെ ഓർമ്മയിലുണ്ട്. പേരാമ്പ്ര പഞ്ചായത്തിലെ മികച്ച വിളവ് ലഭിച്ചിരുന്ന പാടം ഇന്ന് ഏക്കറുകൾ തരിശിട്ട നിലയിലാണ്. 75 ഏക്കറോളം വരുന്ന പാടശേഖരത്തിൽ പത്ത് ഏക്കർ മാത്രമാണ് കഴിഞ്ഞവർഷം കൃഷി ചെയ്യാനായത്. ഇത്തവണയും പത്തേക്കറോളം സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നുള്ളൂ. പി.പത്മനാഭൻ പ്രസിഡന്റും വി.ഒ. അബ്ദുൾ അസീസ് സെക്രട്ടറിയുമായ പാടശേഖര സമിതിയാണ് കൃഷിക്ക് നേതൃത്വം.

To advertise here,

അഞ്ച് വർഷം മുമ്പ് വരെ രണ്ട് വിള കൃഷി പൂർണമായി ചെയ്തിരുന്ന സ്ഥലമാണ്. വയനാട്ടിൽനിന്ന് വിത്ത് കൊണ്ടുവന്ന് ബസുമതി അരിവരെ വിജയകരമായി കൃഷി ചെയ്തിരുന്നു. നൂറോളം കർഷകർ പാടശേഖര സമിതിക്ക് കീഴിലുണ്ട്. ഇപ്പോൾ കത്രികപുല്ലും ചെറുകൈതയും നിറഞ്ഞ് നിലമൊരുക്കാൽ തന്നെ സാഹസമാ പ്രവൃത്തിയാണ്. അതാണ് കൂടുതൽ സ്ഥലം തരിശായി കിടക്കാൻ കാരണം.

ഏറെക്കാലമായി തരിശായി കിടക്കുന്നതിനാൽ പെരുമ്പാമ്പ്, കാട്ടുപന്നി, കീരി, ഉടുമ്പ് എന്നിവയുടെ കേന്ദ്രമായും പാടശേഖരം മാറിയെന്ന് കർഷകർ പറയുന്നു. നിരവധി തവണ ഇവിടെ നിന്ന് പെരുമ്പാമ്പുകളെ പിടിച്ചിട്ടുണ്ട്. പന്നിശല്യവും രൂക്ഷമാണ്. കന്നുകാലികൾക്ക് പുല്ലിനായിപ്പോലും വയലിലേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലമായതിനാൽ യന്ത്രങ്ങളിറക്കിയാൽ മാത്രമേ നിലമൊരുക്കൽ സാധ്യമാവൂ. യന്ത്രങ്ങൾ ചിലയിടങ്ങളിൽ ചെളിയിൽ താഴ്ന്ന പോകുന്ന പ്രശ്‌നവുമുണ്ട്. ചെളിയുള്ള സ്ഥലങ്ങളിൽ കൂടി ഉപയോഗിക്കാനാകുന്ന പ്രത്യേക യന്ത്രങ്ങളാണ് ഇവിടെ അനുയോജ്യം.

പാടത്ത് അമിതമായി വെള്ളമെത്തുന്നത് ഒഴിവാക്കാൻ തോടുകൾ നന്നാക്കി ആഴംകൂട്ടി കെട്ടി സംരക്ഷിക്കാനും അടിയന്തര നടപടി വേണ്ടതുണ്ട്. വാല്യക്കോട് നിന്ന് തുടങ്ങി കുറ്റ്യേട്ട്‌നട വഴി ആവളപാണ്ടി വരെയെത്തുന്ന അഞ്ച് കിലോമീറ്ററോളം നീളുന്നതാണ് പാടശേഖരത്തിലെ പ്രധാന തോട്. ഇതാണെങ്കിൽ വെള്ളം ശരിയായി ഒഴുകാതെ ഇരുവശവും കാടുമൂടി കിടക്കുകയാണ്. നൊച്ചാട്, ചെറുവണ്ണൂർ, പേരാമ്പ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണീ തോട്.

നരിക്കിലാപ്പുഴ മുതൽ കിഴക്കേതാഴ വരെയെത്തുന്ന രണ്ട് കിലോമീറ്റർ നീളത്തിലുള്ള മറ്റൊരു തോടും നിർമിക്കണം. എന്നലേ വെള്ളക്കെട്ട് ഒഴിവാക്കി പൈങ്കുളം പാടശേഖരത്ത് പഴയ രീതിയിൽ എല്ലാ കാലത്തും കൃഷി സാധ്യമാകൂ. ഒരു വർഷം മുമ്പ് തോട് നവീകരണത്തിനായി 13.33 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കേരള ലാൻഡ് ഡിവലപ്മെന്റ് ബോർഡിൽ സമർപ്പിച്ചിരുന്നു. ഇതിന് അംഗീകാരം ലഭിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നടത്താനാകും.

ഫാം ടൂറിസത്തിനും സാധ്യതയേറെ

നെൽപ്പാടത്തിന് നടുവിലൂടെയുള്ള റോഡ് പൂർത്തീകരിച്ചാൽ ഫാം ടൂറിസത്തിനും പ്രദേശത്ത് ഏറെ സാധ്യതയുണ്ട്. പാടത്തിന് നടുവിൽ അമ്പലവുമുള്ള പ്രദേശമാണിത്. വൈകുന്നേരങ്ങളിൽ നിരവധി പേർ പൈങ്കുളം പാടത്ത് സമയം ചെലവഴിക്കാൻ എത്താറുണ്ട്. പാടത്തെ കുളങ്ങൾ ഉപയോഗപ്പെടുത്തിയാൽ മത്സ്യകൃഷിയും നടത്താനാകും.

അഴകത്ത് താഴെയും ഭൂരിഭാഗം തരിശു തന്നെ

പൈങ്കുളം പാടശേഖരത്തിന് സമീപത്തുള്ള 50 ഏക്കറോളം വരുന്ന അഴകത്ത് താഴെ പാടശേഖരത്തിലും ഭൂരിഭാഗം സ്ഥലവും കുറച്ചുകാലമായി തരിശിട്ടിരിക്കുകയാണ്. എല്ലായിടത്തും കത്രികപുല്ലും ചെറുകൈതയും നിറഞ്ഞു കഴിഞ്ഞു. മൂന്ന് ഏക്കർ സ്ഥലത്ത് മാത്രമാണ് കഴിഞ്ഞ തവണ കൃഷിയിറക്കിയതെന്ന് പാടശേഖര സമിതി ഭാരവാഹിയായ വത്സൻനായർ പറഞ്ഞു. 90 ഓളം കർഷകർ പാടശേഖര സമിതിക്ക് കീഴിലുണ്ട്. നേര​േത്ത​ രണ്ട് വിള കൃഷിയിറക്കിയ പ്രദേശമാണിത്.

സഹായം ലഭിക്കണം

കൃഷി വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ സഹായം ലഭിച്ചാൽ പൈങ്കുളം പാടത്ത് നല്ല രീതിയിൽ കൃഷി ചെയ്യാനാകും. കർഷകരെല്ലാം കൃഷി ചെയ്യാൻ ഒരുക്കവുമാണ്. തോട് നന്നാക്കാനുള്ള ഫണ്ടാണ് ആദ്യം വേണ്ടത്. യന്ത്രങ്ങളിറക്കി നിലമൊരുക്കാനും സഹായം വേണം.

വി.ഒ. അബ്ദുൾ അസീസ്

സെക്രട്ടറി, പൈങ്കുളം പാടശേഖര സമിതി