വടകര: വടകര താഴെ അങ്ങാടി ചുങ്കം കടപ്പുറത്തെ സംസ്ഥാന സർക്കാരിന്റെ മിഷൻസമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. തീരമേഖലയുടെ സമഗ്രവികസനത്തിനും സംസ്ഥാനത്തെ ഒരു ആഗോള മാരിടൈം-ലജിസ്റ്റിക്സ് ഹബ്ബാക്കിമാറ്റാനും ലക്ഷ്യമിട്ട് കേരളസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് മിഷൻ സമുദ്ര. ഒരുകാലത്ത് വടകരയുടെ തുറമുഖകേന്ദ്രമായിരുന്ന ചുങ്കം കടപ്പുറം ഇതിന് യോജിച്ചതാണെന്ന വാദമാണുയരുന്നത്.
ഒരുകാലത്ത് മലബാറിന്റെ ചരക്കുവ്യാപാരത്തിൽ ഏറെ പ്രാധാന്യം ഉണ്ടായിരുന്ന സ്ഥലമാണ് ചുങ്കം കടപ്പുറം ഉൾപ്പെടുന്ന താഴെ അങ്ങാടി. കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ മലഞ്ചരക്കുകൾ, കൊപ്ര, വെളിച്ചെണ്ണ, ചകിരി, വയനാട്ടിൽനിന്ന് എത്തിച്ചിരുന്ന തേക്ക്, ഈട്ടി തുടങ്ങിയ വിലപിടിപ്പുള്ള തടികൾ, കാപ്പിക്കുരു തുടങ്ങിയവയാണ് ഇവിടെനിന്ന് ധാരാളമായി വ്യാപാരം നടന്നിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് തുറമുഖവും പ്രവർത്തിച്ചിരുന്നു. പതിനാലാംനൂറ്റാണ്ടുമുതൽ വടകര തുറമുഖം സജീവമായിരുന്നെന്നാണ് ചരിത്രം. പതിനെട്ടാംനൂറ്റാണ്ടിൽ കച്ചവടം സജീവമായി. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധി ഉൾപ്പെടെ വടകര സന്ദർശിക്കുകയും ഈ തുറമുഖത്തിന്റെ പ്രത്യേകതയെക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്തു. വില്യംലോഗന്റെ മലബാർ മാന്വലിലും വടകര തുറമുഖത്തെക്കുറിച്ച് പറയുന്നുണ്ട്. തുറന്ന കടൽ സ്ഥിതിചെയ്യുന്ന തിരക്കേറിയ കച്ചവടകേന്ദ്രം എന്നായിരുന്നു പ്രധാന പരാമർശം. വർഷം രണ്ടുലക്ഷത്തോളം ടൺ ചരക്ക് ഇവിടെ കൈകാര്യംചെയ്തുവെന്നതിനും രേഖകളുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഉത്തരേന്ത്യയിൽനിന്നുള്ള സേട്ടുമാരും വടകരയിൽ കച്ചവടത്തിനെത്തി. സ്വാതന്ത്ര്യാനന്തരവും ഇത് തുടർന്നു. പഴയ കച്ചവടസംസ്കൃതിയുടെ പ്രതീകമായി പഴയ പാണ്ടികശാലകളും മറ്റും ഇപ്പോഴും താഴെ അങ്ങാടിയിൽ കാണാം. ക്രമേണ കടൽ വഴിയുള്ള ചരക്കുനീക്കം കുറയുകയും ലോറിസർവീസ് വ്യാപകമാവുകയും ചെയ്തതോടെയാണ് വടകര തുറമുഖത്തിന്റെ പ്രതാപം അസ്തമിച്ചത്. കടൽപ്പാലം നിർമാണംതുടങ്ങിയെങ്കിലും ഇത് പൂർത്തിയായില്ല. ഇതിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. കടലേറ്റത്തിൽ പാലത്തിന്റെ ഭൂരിഭാഗവും തകരുകയും ചെയ്തു. വലിയതോതിൽ തീരശോഷണവും ഇവിടെ സംഭവിച്ചു.
ചരിത്രപരമായി പാണ്ടികശാലകളും പള്ളികളും പുരാവസ്തു വിപണനകേന്ദ്രങ്ങളും നിറഞ്ഞ വടകര താഴെഅങ്ങാടിയും കടൽത്തീരവും കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങളും ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. ഇവിടം മിഷൻ സമുദ്രയിൽ ഉൾപ്പെടുത്തിയാൽ ടൂറിസം മേഖലയ്ക്കും ഉണർവാകുമെന്നാണ് പ്രതീക്ഷ.
ആവശ്യമുയർത്തി യു.ഡി.എഫ്., ആർ.എം.പി.ഐ.
: ചുങ്കം കടപ്പുറത്തെ മിഷൻ സമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യു.ഡി.എഫ്.- ആർ.എം.പി.ഐ. കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു. വടകര എം.പി, എം.എൽ.എ. എന്നിവർ മുഖേന ഈ പദ്ധതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും യോഗം തീരുമാനിച്ചു.
വി.വി. നിസാബി പ്രമേയം അവതരിപ്പിച്ചു. സി.കെ. ശ്രീജിന പിന്താങ്ങി. എം. ഫൈസൽ അധ്യക്ഷനായി. എം.പി. ഗംഗാധരൻ, ശരണ്യ വാഴയിൽ, ബിജുൽ ആയാടത്തിൽ, സുനിൽകുമാർ, യു. അജിനാസ്, സി.കെ. സജീർ, കെ.കെ. ദിൽഷാന, ടി. റജീന, നുസ്റത്ത്, ദിനേശൻ, സഫീറ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Published: 13 Nov 2026, 03:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented