വൃക്കരോഗിയുടെ ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ചു

To advertise here,

വടകര : സഹകരണാശുപത്രിക്ക് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചവരേ... നിങ്ങൾ മോഷ്ടിച്ചത് പാവപ്പെട്ട വൃക്കരോഗി ഓടിക്കുന്ന ഓട്ടോയുടെ ബാറ്ററിയാണ്. ഡയാലിസിസ് ചെയ്യാനായി ആശുപത്രിയിലേക്ക് വരാൻ അദ്ദേഹത്തിന് ഇനി വണ്ടിയില്ല. പുതിയ ബാറ്ററി വാങ്ങാൻ വഴിയില്ലാത്തതിനാൽ ആ ഓട്ടോറിക്ഷ ആശുപത്രിക്കുസമീപം തന്നെയുണ്ട്.

ഡയാലിസിസ് ചെയ്യാൻ ഓട്ടോ ഓടിച്ച് വടകര സഹകരണ ആശുപത്രിയിലെത്തിയ കാർത്തികപ്പള്ളിയിലെ ചാത്തോത്ത് താഴക്കുനി ശശീന്ദ്രന്റെ (63) ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് ബുധനാഴ്ച രാത്രി മോഷണംപോയത്. വൈകീട്ട് ആറുമണിക്ക് ഓട്ടോ ആശുപത്രിക്കു സമീപം നിർത്തിയാണ് ശശീന്ദ്രൻ ഡയാലിസിസിന് പോയത്. രാത്രി 10.45-ന് ഡയാലിസിസ് കഴിഞ്ഞ് തിരിച്ചെത്തി വണ്ടിയിൽ കയറിയപ്പോൾ ബാറ്ററി മോഷ്ടിക്കപ്പെട്ടെന്ന് മനസ്സിലായി.

ഉടൻതന്നെ വടകര പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ആശുപത്രിയിലെ കാന്റീനിന് സമീപത്തെ സി.സി.ടി.വി.ക്ക് തൊട്ടുമുന്നിലാണ് ഓട്ടോ നിർത്തിയിട്ടത്. ഇതു പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് പോലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ആറുമാസം മുൻപും ശശീന്ദ്രന്റെ ഓട്ടോയുടെ ബാറ്ററി മോഷ്ടിക്കപ്പെട്ടിരുന്നു. കാർത്തികപ്പള്ളിയിൽ നിർത്തിയിട്ടപ്പോഴായിരുന്നു അത്. അന്ന് എങ്ങിനെയൊക്കെയോ 5000 രൂപ സംഘടിപ്പിച്ച് പുതിയ ബാറ്ററി വാങ്ങി. ഈ ബാറ്ററിയാണ് ബുധനാഴ്ച മോഷ്ടിച്ചത്. ഇനി എങ്ങനെ ബാറ്ററി വാങ്ങുമെന്നറിയില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. പ്രായമായ അമ്മയും ശശീന്ദ്രനും മാത്രമാണ് വീട്ടിലുള്ളത്. ഓർക്കാട്ടേരി ടൗണിലാണ് ശശീന്ദ്രൻ ഓട്ടോ ഓടിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യേണ്ടതിനാൽ എല്ലാ ദിവസവും ജോലിക്ക് പോകാൻ കഴിയില്ല. ഒരു ദിവസം ഡയാലിസിസ് ചെയ്താൽ പിറ്റേദിവസം നല്ല ക്ഷീണമായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് കാര്യമായി ഓടുക. ഇങ്ങനെ കിട്ടുന്ന വരുമാനം ഡയാലിസിസിനുപോലും മതിയാകില്ല.

മറ്റ് മാർഗമില്ലാത്തതിനാൽ ഡയാലിസിസിന് പോകുന്നതും തിരിച്ച് വീട്ടിലേക്ക് പോകുന്നതും ഒറ്റയ്ക്ക് ഓട്ടോ ഓടിച്ചാണ്. ഇതിനിടയിലാണ് ബാറ്ററി പോയത്. വ്യാഴാഴ്ച വൈകീട്ടും ശശീന്ദ്രൻ ആശുപത്രിക്ക് സമീപത്തെ ഓട്ടോയ്ക്കരികിലെത്തിയെങ്കിലും ബാറ്ററി വാങ്ങാൻ കഴിയാത്തതിനാൽ വീണ്ടും തിരിച്ച് വീട്ടിലേക്ക് പോയി.