വാസ്തവമാണ്, മമ്മൂക്ക ഈയിടെയായി ഒരുപാട് മാറി ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ച് നമ്മളും മാറി ചിന്തിക്കുന്നു. ഈ 'നമ്മൾ' എന്നത് മമ്മൂക്കയുടെ ചിന്തയിൽ നേരത്തേ കടന്നുവന്നുകഴിഞ്ഞ പ്രേക്ഷകരാണ്. അപ്പോൾ 'നമ്മൾ' അല്പം വൈകിയാണ് ചിന്തിക്കുന്നത്. വരാനിരിക്കുന്ന പ്രേക്ഷകനാണ് തന്റെ സിനിമയുടെ പ്രേക്ഷകൻ എന്ന് മമ്മൂക്കയ്ക്ക് അറിയാം. കരിയറിലെ മികച്ച സിനിമകൾ എടുത്തുനോക്കിയാൽ, പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ടുപോകുന്ന നടനാണ് അദ്ദേഹമെന്ന് മനസ്സിലാകും. തിരഞ്ഞെടുക്കുന്ന കഥയിലും കഥാപാത്രത്തിലും മുന്നോട്ടുള്ള കാലത്തെ കാണുന്ന ചുരുക്കം ചില നടന്മാരിലൊരാളാണ് മമ്മൂട്ടി.

To advertise here,

ചെയ്യാനിരിക്കുന്ന കഥാപാത്രത്തിലേക്കുള്ള ഒരു ട്രാൻസ്‌ഫർമേഷൻ, ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രത്തിൽനിന്നേ തുടങ്ങുന്ന ഒരു ട്രെയ്‌ഡ് സീക്രട്ട് സൂക്ഷ്മ‌മായി നിരീക്ഷിച്ചാൽ മമ്മുക്കയിൽനിന്ന് കണ്ടെടുക്കാനാവും. ജന്മംകൊണ്ട് ഒരേ തറവാട്ടിലായിരിക്കുന്ന കഥാപാത്രങ്ങൾ വേരുകൾ മുറിച്ച് രണ്ടായിരിക്കുന്നത് അതുകൊണ്ടാണ്. ഉദാഹരണങ്ങൾ നിരവധിയാണ്.

'അഥർവം' സിനിമയിലെ അഥർവവേദി, 'ഭ്രമയുഗ'ത്തിലെ അഥർവവേദിയായ കൊടുമൺ പോറ്റിയാകുമ്പോൾ, അവയിലെ കാലഭേദം എത്ര നൂറ്റാണ്ടുകളുടെ അകലമുണ്ടോ അത്രയും അകലം ആ കഥാപാത്രങ്ങളുടെ ശരീരഭാഷയിലുമുണ്ട്. 'അഴകിയ രാവണനി'ലെ ബോംബെ പശ്ചാത്തലവും 'പ്രാഞ്ചിയേട്ടനി'ലെ തൃശ്ശൂർ പശ്ചാത്തലവും എവിടെയും കുട്ടിമുട്ടുന്നില്ല. ഭാസ്കരപട്ടേലരും മുരിക്കുംകുന്നത്ത് അഹമ്മദാജിയും ഒരു നടനെയല്ല, രണ്ട് കാലങ്ങളിലെ രണ്ട് ശരീരങ്ങളെയാണ് സ്വീകരിക്കുന്നത്. പട്ടേലരിൽനിന്ന് നടന്നു നടന്ന് അഹമ്മദാജിയിൽ എത്തുമ്പോഴേക്ക് നടനശരീരം, ആക്ടിങ് പേഴ്സോണ രണ്ടായിപ്പിളർന്ന് രണ്ട് കാലത്തെ അധികാരരൂപമായിത്തീരുന്നു. തറവാട്ടിൽനിന്ന് അവകാശം ഭാഗം വാങ്ങാതെ പുറപ്പെട്ടുപോരുന്ന നിസ്വനായ ഒരാൾ മാത്രമാണ് രണ്ട് കഥാപാത്രങ്ങളും, തുല്യത അതുല്യങ്ങളാകുന്ന നടനവിദ്യ!

1982-ൽ അതായത്, 1971-ൽ ഒരു ആൾക്കൂട്ട അംഗമായി 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ അരങ്ങേറി പത്ത് വർഷത്തിനുശേഷം, കെ.ജി. ജോർജിന്റെ ചലച്ചിത്ര ജീവിതത്തിൽക്കൂടി നാഴികക്കല്ലായ യവനിക' എന്ന ചിത്രത്തിൽ ജേക്കബ് ഈരാളി എന്ന പോലീസ് ഓഫീസറായി അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയജീവിതത്തിലെ പാത്ത് ബ്രെയ്ക്കിങ് റോളുകൾക്ക് തുടക്കമിട്ടത് എന്ന് ഞാൻ വിചാരിക്കുന്നു. മമ്മൂക്കയുടെ ആദ്യ പോലീസ് വേഷവും അതാണെന്ന് തോന്നുന്നു. പിന്നീട് കെട്ടിയാടിയ അനവധി വാണിജ്യസിനിമകളിലെ പോലീസ് വേഷങ്ങൾ ഈരാളിയു മായി ഒരുതരത്തിലും സാഹോദര്യം പുലർത്തുന്നില്ല. മമ്മൂക്കയുടെ ഒരു കഥാപാത്രവും ഒരമ്മപെറ്റ ഇരട്ടക്കുട്ടികളല്ല. പോലീസായാലും വക്കീലായാലും ആരായാലും ഓരോ കഥാപാത്രവും വ്യത്യസ്ത വീടുകളിൽനിന്ന് ഊണുകഴിക്കുന്നു. തുടർച്ചയുടെയോ ഓവർലാപ്പിന്റെയോ ഒരംശംപോലും ഒന്നിലുമില്ല. മമ്മുക്കയുടെ ജനപ്രിയമായ ചില നസ്രാണി ക്യാരക്ടറുകളുണ്ട് കോട്ടയം കുഞ്ഞച്ചൻ, 'സംഘ'ത്തിലെ കുട്ടപ്പായി, 'നസ്രാണി'യിലെ ഡേവിഡ് ജോൺ, 'പ്രാഞ്ചിയേട്ടൻ... മുതലായവ കേവലമായ ആലോചനയിൽത്തന്നെ ഇവർ ഒരേ നാട്ടുകാർപോലുമല്ല. ആവർത്തിക്കപ്പെടുന്ന തൊഴിൽമേഖലകൾ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ ധാരാളം ഉണ്ടെങ്കിലും ആവർത്തിക്കപ്പെടുന്ന മാനറിസങ്ങൾ ഒരു കഥാപാത്രത്തിലും ഇല്ല. ആവർത്തിക്കപ്പെടുന്ന ശരീരഭാഷ ഒന്നിലുമില്ല.

'യവനിക'യിലെ പോലീസും 'ഉണ്ട'യിലെ പോലീസും തമ്മിൽ എന്തുബന്ധം! നരസിംഹത്തിലെ ഗസ്റ്റ് വക്കീലും മറ്റ് ഖ്യാതിയേറിയ വക്കീൽ വേഷങ്ങളും തമ്മിൽ എന്തുബന്ധം! പ്രാഞ്ചിയേട്ടനും കുട്ടപ്പായിയും തമ്മിലെന്തുബന്ധം! 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിലെ സക്കറിയ ഏത് വീട്ടിലെയാണ്! നേരത്തേ സൂചിപ്പിച്ചപോലെ, ചെയ്യുന്ന ഓരോ കഥാപാത്രവും ചെയ്‌തതും ചെയ്യാനിരിക്കുന്നതുമായ ഓരോ കഥാപാത്രത്തിൽ വ്യക്തമായ അകലവും ബന്ധവിച്ഛേദവും പാലിക്കാൻ കഴിയുന്ന ഒരു നടനസൂക്ഷ്‌മത തന്റെ അഭിനയജീവിതത്തിലുടനീളം മമ്മൂക്കയ്ക്കുണ്ട്. സാമാന്യേന ഒരു നടന് കഴിയുന്ന കാര്യമാണോ അതെന്ന് സംശയമാണ്. എന്നാൽ എല്ലാ ദിവസവും അഭിനയിക്കുന്ന ഒരു നടന് ഇതെങ്ങനെ സാധ്യമാകു ന്നു!

മമ്മൂട്ടി എന്ന മെത്തേഡ് ആക്ടർ

തന്റെ ഓരോ കഥാപാത്രത്തിനും തന്റെതന്നെ കഥാപാത്രങ്ങളുടെ റഫറൻസാണ് മമ്മൂക്കയുടെ സൂക്ഷ്‌മതയുടെ അടിസ്ഥാനം. കഥാപാത്രങ്ങൾ വ്യത്യസ്ത‌മാവുന്നതുകൊണ്ടുമാത്രം നടനരീതി വ്യത്യസ്തമാവുന്നതല്ല. അദ്ഭുതക രമെന്നുപറയട്ടെ, ഇവിടെ നടൻ തന്നെയാണ് വ്യത്യസ്തനാകുന്നത്. 'യവനിക'യിലെ ഈരാളിയെ അവതരിപ്പിച്ച മമ്മൂട്ടി എന്ന നടനല്ല, 'ആവനാഴി'യിലെ ബൽറാമിനെ അവതരിപ്പിക്കുന്ന മമ്മൂട്ടി. 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിലെ സക്കറിയയെ അവതരിപ്പിച്ചത് മറ്റാരോ ആണ്, 'സംഘ'ത്തിലെ കുട്ടപ്പായിയെ അവതരിപ്പിച്ച മമ്മൂട്ടിയല്ല. നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നടനുമാത്രം സാധ്യമാകുന്ന ഒന്നാണത്. മെത്തേഡ് ആക്ടർ എന്ന് പറയാറുണ്ട് അദ്ദേഹത്തെക്കുറിച്ച്. ഒരു ‌സ്റ്റൈൽ ഓഫ് ആക്ടിങ്ങിനെ, നടനസമ്പ്രദായത്തെ, നടനപദ്ധതിയെ നാട്യശരീരത്തിന്റെ അടിസ്ഥാ നമാക്കുന്നതിനെയാണ് മെത്തേഡ് ആക്ടർ എന്ന് പറയുന്നത്. അഭിനയത്തിലെ ഒരു ചിട്ട. പക്ഷേ, ഒരു ചിട്ട തീരുമാനിക്കുന്നത് നടനല്ല, അയാൾ തന്നിലേക്ക് ആവാഹിക്കുന്ന കഥാപാത്രമാണ്.

Method എന്നത് കഥാപാത്രത്തിന്റെ സ്വത്വം അറിഞ്ഞ് അതിനനുസരിച്ച് കഥാപാത്രത്തേയും അതിന്റെ മാനറിസത്തേയും Mould ചെയ്യുന്ന രീതിയാണ്. ഇങ്ങനെയാണ് ഒരു നടൻ മെത്തേഡ് ആക്ടറാവുന്നത്, മമ്മൂക്കയും. അത് നിരന്തരമായുള്ള ഒരു ട്രെയിനിങ് ആണ്. Mammootty is a Trained Actor എന്ന് ജഗതി ശ്രീകുമാർ പറഞ്ഞത് വലിയ സ്‌തുതിയാണ്. എളിമയോടെ മമ്മുക്ക അത് അംഗീകരിക്കുന്നുമുണ്ട്. കഥാപാത്രം എന്നു പറയുന്നത് ഒരു അന്യശരീരമാണ്. ആ അന്യശരീരത്തെ തന്റെ മെറ്റഫറായി ഉപയോഗിക്കുന്നയാളാണ് യഥാർഥ നടൻ. ആ നടൻ, മമ്മൂക്കയുടെ ആലംബനോദ്ദീപന വിഭവങ്ങൾ എന്ന് പറയുന്നത് ആഹാര്യത്തിലും (makeover) ഭാഷാഭേദത്തിലും (dialect) അദ്ദേഹം പുലർത്തുന്ന കർശനമായ നിഷ്ഠയാണ്. ആ നിഷ്ഠ ഒരു അഭിനേതാവിന് കഥാപാത്രത്തോടുള്ള നീതിനിഷ്ഠയാണ്. സവിശേഷമായ കഥാപാത്രങ്ങളുള്ള മൃഗയ, സൂര്യമാനസം, പൊന്തൻമാട പോലുള്ള ചിത്രങ്ങളിൽ മാത്രമല്ല, ഒരു സാധാരണ കഥാപാത്രമാണെന്ന് തോന്നിക്കുന്ന ചില ചിത്രങ്ങളിലും മമ്മൂക്ക ആവിഷ്കരിക്കുന്ന വളരെ സൂക്ഷ്‌മമായ ചില വ്യത്യസ്‌തതകളുണ്ട്.

'പ്രാഞ്ചിയേട്ടനി'ലെ അടിമുടി പോഴത്തക്കാരനായ പ്രാഞ്ചി ഒരു പ്രത്യേക ഭൂമികയിൽ മാത്രം നിൽക്കാൻ കഴിയുന്ന ഒരാളാണെന്ന് പ്രേക്ഷകന് തോന്നും, കഥാപാത്രശരീരത്തിൽ നടൻ എഴുതിച്ചേർക്കുന്ന ഒരു counter script ആണ് ആ കഥാപാത്രത്തെ മറ്റൊരിടത്തേക്ക് പറിച്ചുനട്ടാൽ പാളിപ്പോകുന്ന ഒന്നാക്കി മാറ്റുന്നത്. പശ്ചാത്തലത്തോട് ഇഴുകിച്ചേരു ന്നവിധം ശരീരഭാഷയെ ക്രമപ്പെടുത്തുന്നതിലാണ് അരങ്ങിലായാലും സ്ക്രീനിലായാലും നടന്റെ സ്കിൽ.

ചെയ്‌ത എല്ലാ കഥാപാത്രങ്ങളിലും ഈയൊരു മാർക്ക് നമുക്ക് കാണാം. 'യവനിക'യിലും 'ന്യൂഡൽഹി'യിലും 'വടക്കൻ വീരഗാഥ'യിലും 'അരപ്പട്ട കെട്ടിയ ഗ്രാമ'ത്തിലും 'തനിയാവർത്തന'ത്തിലും 'ഭൂതക്കണ്ണാടി'യിലും 'അമര'ത്തിലും 'പൊന്തൻമാട'യിലും 'ഡാനി'യിലും 'പാലേരി മാണിക്യ'ത്തിലും കഥാപാത്രത്തിന്റെയും കഥാസന്ദർഭത്തിന്റെയും ഭൂമികയുടെയും പ്രത്യേകതയിൽ അലിഞ്ഞുചേരുന്ന കഥാപാത്രമാണ് മമ്മുക്കയുടെത്. അഥവാ അത്തരം സന്ദർഭങ്ങൾക്ക് യോജിക്കുന്ന നടന ശരീരമായി പരുവപ്പെടുന്നു മമ്മുക്ക.

'ഭൂതക്കണ്ണാടി'യിലെ വിദ്യാധരന് ആ ഇടവഴിയിലൂടെയേ നടക്കാനാവൂ. ബാലൻ മാഷ്ക്ക് ആ യു.പി. സ്കൂളിലേക്ക് നടന്നല്ലാതെ പോകാൻ വയ്യ. വിദ്യാധരന് വിടർന്ന, മിഴിച്ച കണ്ണുകളേ ചേരൂ. ഒരു നാട് അതിന്റെ സവിശേഷതകൾ ചേർത്ത് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതുപോലെ മമ്മുക്ക കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്ന നടനാണ്. കഥാപാത്രം ക്ലാസ് ടച്ചുള്ളതായാലും സമകാലികതയുള്ളതായാലും പരകായപ്രവേശത്തിന്റെ അദ്ഭുതവിദ്യകൾ അനായാസമാണ് അദ്ദേഹത്തിന്. ഒരുപക്ഷേ, പടയോട്ടത്തിലെ കമ്മാരൻ മുതൽ വടക്കൻ വീരഗാഥ, പഴശ്ശിരാജ ഇപ്പോൾ പതിനേഴാം നൂറ്റാണ്ടിലെ കൊടുമൺ പോറ്റിവരെയുള്ള കഥാപാത്രങ്ങളിൽ മാനറിസംകൊണ്ട് ഒരു കഥാപാത്രത്തെയും വെച്ചുമാറാതെ അഭിനയത്തിന്റെ മാസ്മരനിമിഷങ്ങൾ അദ്ദേഹം സമ്മാനിക്കുന്നു.

ഭാഷാഭേദത്തിൽ ഇത്രയധികം വൈവിധ്യങ്ങൾ പുലർത്താൻ ലോകഭാഷയിൽത്തന്നെ ഒരു നടന് സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതിനൊരു കാരണം ഒരു ചെറിയ പ്രദേശത്തെ ഭാഷയുടെ വൈവിധ്യങ്ങളാണ്. 'ആറു മലയാളിക്ക് നൂറുമലയാളം' എന്ന ചൊല്ല് അനുഗ്രഹമായിത്തീർന്ന ഏക നടൻ മമ്മുക്കയായിരിക്കും. പാലക്കാടൻ സ്ലാങ് ഒഴികെ, അങ്ങ് കർണാടക അതിർത്തിയിലെ ഷേണായിഭാഷ മുതൽ തെക്കുവടക്ക് പദയാത്ര നടത്തിയ ഒരു നാവാണ് മമ്മൂക്കയുടെത്. കാസർകോട് ഭാഷ പറയുമ്പോ അത് വീട്ടുഭാഷയായ ഒരാൾ, തൃശ്ശൂർഭാഷ പറയുമ്പോ അത് വീട്ടുഭാഷയായ ഒരാൾ, തിരുവനന്തപുരം ഭാഷയാകുമ്പോൾ ഈ നാവിന് ഇതേ വഴങ്ങു എന്ന തോന്നലുണ്ടാക്കുന്ന വഴക്കം. ഏത് ഭാഷയുടെയും അടിസ്ഥാനമായ ഈണം കൃത്യമായി പിടിച്ചെടുക്കുന്ന വൈദഗ്ധ്യം! എം.ടി.യുടെ വള്ളുവനാടന് മമ്മൂട്ടിയല്ലാതെ മറ്റാര്!

മമ്മൂക്കയ്ക്ക് ചില ഴോണർ സിനിമകളുണ്ട്. അത് പലപ്പോഴും എഴുത്തുകാരുടെയോ സംവിധായകരുടെയോ പേരോട് ചേർത്താണ് പറയപ്പെടുന്നത്. മമ്മൂട്ടിയുടെ അടൂർ സിനിമ, എം.ടി. സിനിമ, പത്മരാജൻ സിനിമ, ലോഹിതദാസ് സിനിമ എന്നിങ്ങനെയാണ് അത്. ഐ.വി. ശശി സിനിമകളാണ് ആ ഴോണറിലെ ആദ്യപേര്. ശരിക്കും മമ്മുക്കയുടെ ആദ്യകാല സിനിമ കളിൽ എണ്ണംപറഞ്ഞവയൊക്കെ ഐ.വി. ശശിയുടെ സംവിധാനത്തിലാണ്. തൃഷ്ണ, അടിയൊഴുക്കു കൾ, ആൾക്കൂട്ടത്തിൽ തനിയെ, വാർത്ത എന്നിങ്ങനെ കലാമൂല്യം ഉള്ളതും വാണിജ്യവിജയം നേടിയതുമായ സിനിമകൾ. ടി.വി. ചന്ദ്രൻ സിനിമകൾ മമ്മുക്കയുടെ അഭിനയ ശരീരത്തെ അങ്ങേയറ്റം ചൂഷണം ചെയ്ത സിനിമകളാണ്. മാടയും ഡാനിയും ഭാസിയും പ്രേക്ഷകപ്രീതി നേടിയ കഥാപാത്രങ്ങൾ മാത്രമല്ല, താരശരീരത്തെ അട്ടിമറിച്ച വേഷങ്ങൾ കൂടിയാണ്. അത്തരം പരീക്ഷണങ്ങൾക്കായി ഒതുങ്ങിക്കൊടുക്കുന്ന നടനശരീരം അക്കാലത്തും ഇക്കാലത്തും മലയാളത്തിലില്ല.

അടൂരിന്റെ പട്ടേലരും അത്തരമൊരു കഥാപാത്രമാണ്. മികച്ച എഴുത്തുകാരുടെയും സംവിധായകരുടെയും നടൻ എന്ന നിലയിൽ മമ്മൂക്ക വേറൊരാളാണ്. തികഞ്ഞ വാണിജ്യവിജയ ശരീരം എന്നനിലയിൽ മറ്റൊരാളും. ഈ രണ്ടിനുമിടയിൽ മതിഭ്രമത്തിൽപ്പെട്ടുപോകാത്ത സവിശേഷ നടനവ്യക്തിത്വം കാത്തുസൂക്ഷിക്കാൻ കഴിയുന്നു എന്നത് ഈ അമ്പത്തിമൂന്ന് വർഷത്തെ അഭിനയജീവിതത്തിനിടയിലെ ലോകാദ്ഭുതങ്ങളിലൊന്നാണ്. കഥാപാത്രം പട്ടണത്തിലെ ഭൂതമായാലും ഭ്രമയുഗത്തിലെ ചാത്തനായാലും മൈക്കിളപ്പനായാലും ചന്തുവായാലും പഴശ്ശിയായാലും അംബേദ്കറായാലും അയ്യങ്കാളി ആയാലും ധർമരാജാവോ മാർത്താണ്ഡവർമയോ ആയാലും അവർ വഴങ്ങുന്ന ശരീരം ഇവിടെയുണ്ട്, മലയാളസിനിമയിൽ. അവനവനെ നിരന്തരം പുതുക്കിക്കൊണ്ട് പ്രേക്ഷകരെ പുതുക്കിക്കൊണ്ട് സിനിമയെ പുതുക്കിക്കൊണ്ട് കാലത്തിന്റെയും ലോകത്തിന്റെ യും മാറ്റമറിഞ്ഞുകൊണ്ട് അദ്ദേഹം മലയാളത്തിന്റെ ആയുസ്സോളം ആയുസ്സോടെ...!

(പുനഃപ്രസിദ്ധീകരണം. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ 2024 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)