ഉഴവൂർ : നടപടിക്രമങ്ങൾ പൂർത്തിയാക്കി മിനി സിവിൽസ്റ്റേഷൻ നിർമാണം ഉടൻ തുടങ്ങുമെന്ന് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാന സർക്കാർ ആദ്യഘട്ടമായി നാലുകോടി രൂപയുടെ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. യു.ഡി.എഫ്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽപെടുത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

To advertise here,

പൊതുമരാമത്ത് വകുപ്പ് ടെൻഡർ പൂർത്തിയാക്കി കരാർ വെച്ചു. ഉഴവൂർ ഗ്രാമപ്പഞ്ചായത്ത് കണ്ടെത്തിയ 25 സെന്റ്‌ സ്ഥലം കെട്ടിട നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് കൈമാറി. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനു ജോസ് തൊട്ടിയിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ധാരണാപത്രം അംഗീകരിച്ച് നടപടികൾ പൂർത്തിയാക്കി. ഇതോടെയാണ് ഉഴവൂർ മിനി സിവിൽസ്റ്റേഷൻ കെട്ടിട നിർമാണം തുടങ്ങുന്നതിനുള്ള നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചത്. സിവിൽസ്റ്റേഷൻ മൂന്ന് നിലകളിലായി നിർമിക്കാനാണ് രൂപരേഖ. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ ഡിസൈൻ പ്രകാരം ആദ്യഘട്ടത്തിൽ രണ്ടുനിലയുടെ നിർമാണമാണ് നാലുകോടി രൂപയ്ക്ക് നിറവേറ്റാൻ കഴിയുന്നത്. ഇപ്പോൾ നിർമാണം നടത്തുന്ന രണ്ട് നിലകളിലായി ഉഴവൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, വി.ഇ.ഒ. ഓഫീസ്, ജല അതോറിറ്റി ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ടാംഘട്ടമായി നിർമിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിൽ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, എൽ.എസ്.ജി.ഡി. ഓഫീസ് എന്നിവയാണ് വരിക. ഇതിന് ആവശ്യമായ അധിക തുക ഉടനെ അനുവദിക്കുന്നതിനും നിർമാണം പൂർണമായും പൂർത്തീകരിക്കുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സെപ്റ്റംബർ അവസാനവാരത്തിൽ നിർമാണം തുടങ്ങും. സ്ഥലം വെട്ടിത്തെളിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി.