തൊടുപുഴ: സുപ്രീംകോടതി നിർദ്ദേശപ്രകാരമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിലെ വിദഗ്ധസമിതി പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ ആകണമെന്നും ഇപ്പോൾ നടത്തുന്നത് കേരളത്തെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കമാണെന്നും ജനസംരക്ഷണസമിതി. മുൻകാലങ്ങളിൽ സംഭവിച്ചത് പോലെ കേരളത്തിന് എതിരായ റിപ്പോർട്ട് ആകും സമിതി സമർപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 131 വർഷം പിന്നിടുന്ന അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കേണ്ടത് അന്താരാഷ്ട്ര വിദഗ്ധരാണ്. ഭൂകമ്പസാധ്യതാ മേഖലയിലാണ് അണക്കെട്ട് നിൽക്കുന്നതെന്ന് വിവിധസമിതിയും പഠന റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഹൈഡ്രോളജിക്കൽ സ്റ്റാറ്റസ്, സ്ട്രക്ചറൽ സേഫ്റ്റി, സീപ്പേജ് സിസ്റ്റം, വിള്ളലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വിള്ളലുകളുടെ വ്യാപ്തി, ഭൂകമ്പസാധ്യത, മേഘ വിസ്‌ഫോടന സാധ്യത, 131 വർഷമായി അടിഞ്ഞുകൂടിക്കിടക്കുന്ന ചെളി, പാറ തുടങ്ങിയവ സംബന്ധിച്ചും അണക്കെട്ടിന്റെ അടിത്തട്ടിന്റെ ബലക്ഷയം സംബന്ധിച്ചുമാണ് പരിശോധന നടത്തേണ്ടത്. അണക്കെട്ടിന്റെ മുകളിൽനിന്ന് നോക്കി കണ്ട് റിപ്പോർട്ട് സമർപ്പിക്കുകയല്ല ചെയ്യേണ്ടത്. ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടുകൂടി നടത്തേണ്ട സമഗ്ര പരിശോധനയ്ക്ക് പകരം ഉന്നതല സമിതി എന്നപേരിൽ ഇപ്പോൾ നടത്തുന്ന ബലപരിശോധന പ്രഹസനമാണ്. കേരളം ഈ പരിശോധനയുമായി സഹകരിക്കരുതെന്നും അശാസ്ത്രീയമായും വിദഗ്ധരുടെ പങ്കാളിത്തമില്ലാതെയും നടത്തുന്ന പരിശോധനയിലെ അപാകതയും അശാസ്ത്രീയതയും സുപ്രീംകോടതിയെയും കേന്ദ്രസർക്കാരിനെയും രേഖാമൂലം അറിയിക്കണമെന്നും ജനസംരക്ഷണസമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ, പി.ആർ.ഒ. ഷിബു കെ.തമ്പി എന്നിവർ ആവശ്യപ്പെട്ടു.

To advertise here,