പണി തീരാൻ 11 വർഷം

To advertise here,

കോട്ടയം : കോടിമതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിത രണ്ടാംപാലം ചൊവാഴ്ച തുറക്കും. എം.സി.റോഡിൽ കൊടൂരാറ്റിലെ പഴയപാലത്തിന് സമാന്തരമായാണ് പുതിയപാലവും പണിതിട്ടുള്ളത്. റോഡ് സുരക്ഷാസംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അനുബന്ധറോഡ് നവീകരണം

പുതിയപാലം തുറക്കുന്നതോടെ പഴയപാലത്തിന്റെ അനുബന്ധറോഡ് നവീകരണം ദേശീയപാത അതോറിറ്റി തുടങ്ങും. അനുബന്ധറോഡ് താഴ്ന്ന് അപകട സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവിടെ മണ്ണുനീക്കി പരിശോധന നടത്തും. തുടർന്ന് ബലപ്പെടുത്തി നവീകരണം നടത്തും. പുതിയപാലത്തിന് സമീപത്തുനിന്ന് മാർക്കറ്റ് റോഡിലേക്ക് കയറുന്ന ഭാഗത്തെ തിരക്ക് ഒഴിവാക്കാനും ഗതാഗത ക്രമീകരണം ഏർപ്പെടുത്താനും സിഗ്നൽ സ്ഥാപിക്കും. ഇതിനായി കെൽട്രോണിനെ ചുമതലപ്പെടുത്തി. അതുവരെ ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുക്കും.

തിരക്കില്ലാതെ പാലം കടക്കാം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപാതയിലെ ഏറ്റവും വലിയ തടസ്സമായിരുന്നു കോടിമതയിലെ ഇടുങ്ങിയ പഴയപാലം. കോട്ടയം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് രോഗികളുമായി തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ അടക്കമുള്ളവർക്ക് ഇനി കുരുക്കിൽപ്പെടാതെ നഗരം കടക്കാം.

വരുമോ, വൺവേ

രണ്ട് പാലങ്ങളും സജ്ജമാകുന്നതോടെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വൺവേ ട്രാഫിക് ക്രമീകരിക്കാനാകും. പഴയപാലത്തിന്റെ അനുബന്ധറോഡ് നവീകരണത്തിനുശേഷം വൺവേ സംവിധാനം ആലോചിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.

ചരിത്രം

:2015 ഓഗസ്റ്റിലാണ് കോടിമതയിലെ രണ്ടാംപാലം നിർമാണം തുടങ്ങിയത്. 18 മാസമായിരുന്നു പൂർത്തീകരണകാലാവധി. 2017 മേയ് മാസം നിർമാണം പൂർണമായും നിലച്ചു. സമീപനപാതയ്ക്ക് സ്ഥലം കണ്ടെത്താനും അവിടെത്താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളെ ഒഴിപ്പിക്കാനും വൈകിയത് പാലം പണിക്ക് തടസ്സമായി. 10 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടലിലാണ് പണിക്ക് വേഗമായത്.