കോതമംഗലം : നഗരസഭയിലെ കുമ്പളത്തുമുറി ഡമ്പിങ് യാർഡിൽ വർഷങ്ങളായി കുമിഞ്ഞുകൂടിക്കിടക്കുന്ന പഴയ മാലിന്യം ശാസ്ത്രീയമായി നീക്കുന്ന ബയോമൈനിങ് പ്രവർത്തനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും.

To advertise here,

രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഭാനുമതി രാജു നിർവഹിക്കും. വൈസ് ചെയർപേഴ്‌സൺ പ്രിൻസ് വർക്കി അധ്യക്ഷനാകും. പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശാസ്ത്രീയമായി വീണ്ടെടുത്ത് പരിസ്ഥിതി സൗഹൃദവും പൊതുജനങ്ങൾക്ക് പ്രയോജനകരവുമായ ഇടങ്ങളാക്കി മാറ്റുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കുമ്പളത്തുമുറി ഡമ്പിങ് യാർഡിൽ ഏകദേശം 27,000 ടൺ പഴയ മാലിന്യമാണ് ബയോമൈനിങ് പ്രക്രിയയിലൂടെ നീക്കുന്നത്.

പദ്ധതിയുടെ നിർവഹണ കരാർ എസ്.എം.എസ്. ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. പ്രത്യേക യന്ത്രസാമഗ്രികളുടെ സഹായത്തോടെ പഴയ മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്‌കരിക്കുന്നതാണ് ബയോമൈനിങ് പ്രക്രിയ. വീണ്ടെടുക്കാൻ കഴിയുന്ന പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ്ങിനായി കൈമാറും. മറ്റ് മാലിന്യഘടകങ്ങൾ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിക്കും.

35 വർഷങ്ങളായി കുമ്പളത്തുമുറിയിലെ ഡമ്പിങ് യാർഡിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം ഒഴിവാക്കുന്നതുവഴി പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തിന് ശാശ്വത പരിഹാരമാകും.

മാലിന്യനീക്കം പൂർത്തിയാകുന്നതോടെ പരിസര മലിനീകരണം ഒഴിവാക്കുന്നതിനും വീണ്ടെടുക്കുന്ന ഭൂമി ഭാവിയിൽ നഗരസഭയുടെ വിവിധ പൊതുപ്രയോജന പദ്ധതികൾക്കായി വിനിയോഗിക്കാനും സാധിക്കും. അപ്രകാരം ബയോമൈനിങ് പദ്ധതി കോതമംഗലം നഗരത്തിന്റെ ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിൽ നിർണായകമായ ചുവടുവെപ്പാകും.