ഉരുളികുന്നം വഴിഉരുളികുന്നം താഷ്‌കന്റ്-ജീരകത്തുപടി റോഡുവഴി പോയാൽ കുടുങ്ങും
ഉരുളികുന്നം : ഒരിക്കലും നന്നായിക്കിടക്കാൻ യോഗമില്ലാതെ ഒരു റോഡ്. നിവേദനങ്ങൾക്കും പരാതികൾക്കും മറുപടിയില്ലാതെ സഹികെട്ട നാട്ടുകാർ ട്രോളുകളുമായി രംഗത്ത്. നാട്ടിലെ ചെറുപ്പക്കാർ റോഡിന്റെ ദുഃസ്ഥിതിയെക്കുറിച്ച് ചെയ്ത ട്രോളുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് ആക്ഷേപഹാസ്യ വീഡിയോകൾ വരെ ഈ റോഡിനെക്കുറിച്ചായി.
പാലാ-പൊൻകുന്നം റോഡിലെ കുരുവിക്കൂട് കവലയിൽനിന്ന് തുടങ്ങുന്ന മൂന്നു കിലോമീറ്റർ ദൂരമുള്ള ഉരുളികുന്നം താഷ്‌കന്റ്-ജീരകത്തുപടി റോഡാണ് ദുരവസ്ഥമൂലം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.
ജില്ലാപഞ്ചായത്തിന്റെ ഈ റോഡിൽ എന്നൊക്കെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടോ, ഒരു മാസത്തിനകം കുഴികളുമായിട്ടുണ്ട്. ടാറിങ്ങിലെ അപാകം പണിനടക്കുമ്പോൾ തന്നെ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതാണ്.റോഡ് ഗതാഗതയോഗ്യമാക്കിയ ജനപ്രതിനിധിക്ക് അനുമോദനങ്ങൾ അർപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയപടിയായി.
പലതവണ ലക്ഷങ്ങൾ മുടക്കിയിട്ടും റോഡിലെ ദുരിതത്തിന് പരിഹാരമില്ലാത്തത് ഇവിടെമാത്രം. ഏറ്റവുമധികം കാലം നിലനിൽക്കാനെന്ന വാദത്തോടെ മുൻപ് സോളിങ് നടത്തി രണ്ടാഴ്ചയിലേറെ പൂർണമായും റോഡ് അടച്ചിട്ടായിരുന്നു പണി.
കൂടുതൽ കാലം റോഡ് നിലനിൽക്കുന്നതിനാണ് ഇത്രയധികം നാൾ റോഡ് അടച്ചിടുന്നതെന്നായിരുന്നു ജില്ലാപഞ്ചായത്തിന്റെ എൻജിനിയറിങ് വിഭാഗം അന്ന് വിശദീകരിച്ചത്.
റോഡിന്റെ തുടക്കത്തിൽ തന്നെ കുരുവിക്കൂട് കയറ്റത്തിൽ ടാറിങ് തകർന്നു. വില്ലാനിക്കൽ കയറ്റം, താഴത്തേൽഭാഗം എന്നിവിടങ്ങളിലും റോഡ് പൊളിഞ്ഞു. ഏറ്റവുമധികം അപകടസാധ്യത തോട്ടുങ്കൽ ഭാഗത്താണ്.50-മീറ്ററിലേറെ ഇറക്കമുള്ള ഭാഗത്ത് പൊളിഞ്ഞ് മെറ്റൽ നിരന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ ഇതുവഴിയുള്ള യാത്ര ഇപ്പോൾ അപകടകരമാണ്. വഴിയുടെ ദുരവസ്ഥയെക്കുറിച്ച് അത്ര പരിചയമില്ലാത്തവർ ഇവിടെവീണ് പരിക്കേൽക്കുന്നതായി നാട്ടുകാർ പറഞ്ഞു.
Published: 10 Nov 2026, 02:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented