കോട്ടയം : നഗരസഭാപരിധിയിലെ രണ്ട് തണൽമരങ്ങൾ മുറിച്ചുമാറ്റിയത് ട്രീ കമ്മിറ്റിയുടെ നിർദേശം മറികടന്ന്. ശിഖരങ്ങൾ വെട്ടിനിർത്തണമെന്ന് ട്രീ കമ്മിറ്റി നിർദേശിച്ച രണ്ട് മരങ്ങളിലൊന്ന് ദിവസങ്ങൾക്കുമുമ്പ് വെട്ടി. മറ്റൊരു മരം പൂർണമായി വെട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്.
കോട്ടയം ഇൗസ്റ്റ് പോലീസ് സ്റ്റേഷൻ വളപ്പിലെ തണൽമരമാണ് ദിവസങ്ങൾക്കുമുമ്പ് വെട്ടിനീക്കിയത്. ചവിട്ടുവേലിയിലെ മരത്തിന്റെ ശിഖരങ്ങൾ കഴിഞ്ഞദിവസം നീക്കിയിരുന്നു. അടുത്തദിവസം ഇതും ചുവടടക്കം വെട്ടാനാണ് നീക്കം. നഗരസഭാ ട്രീ കമ്മിറ്റി നഗരപരിധിയിലെ അപകടകരമായ മരങ്ങൾ മാത്രം ചുവടെ വെട്ടിനീക്കാനാണ് നിർദേശിച്ചത്. നാലുമാസംകൊണ്ട് കമ്മിറ്റി ആകെ 144 മരങ്ങൾ പരിശോധിച്ചു. 14 മരങ്ങൾ ചുവടുദ്രവിച്ച് അപകടനിലയിലാണെന്ന് കണ്ടെത്തി. അവ ചുവടേ വെട്ടാനും ബാക്കിയുള്ളവ ശിഖരംമാത്രം വെട്ടാനും നിർദേശിച്ചു.
എന്നാൽ അപകടനിലയിലുള്ള 14 മരങ്ങൾ വെട്ടാതെ ശിഖരങ്ങൾമാത്രം വെട്ടാനായി നിർദേശിച്ച രണ്ട് മരങ്ങൾ വെട്ടുകയായിരുന്നെന്ന് ട്രീ കമ്മിറ്റി അംഗം കെ. ബിനു ആരോപിച്ചു. നഗരസഭയുടെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടിയത്. ട്രീ കമ്മിറ്റി നിർദേശിക്കാത്ത രണ്ട് മരങ്ങൾ ചുവടേ വെട്ടിയതിൽ അന്വേഷണം വേണമെന്ന് കെ. ബിനു ആവശ്യപ്പെട്ടു. 2023-ൽ പി.ഡബ്ള്യു.ഡി. അനുവാദം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മരംവെട്ടിയതെന്ന് കൗൺസിലർ കെ. രാജേഷ് പറയുന്നു.
2023-ൽ ട്രീ കമ്മിറ്റിയിൽനിന്ന് കിട്ടിയ അനുവാദം അനുസരിച്ച് മരംമുറിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യമായ പണം അനുവദിച്ചുകിട്ടാഞ്ഞതാണ് മരംമുറിക്കാൻ വൈകിയതെന്ന് ഏറ്റുമാനൂർ പി.ഡബ്ള്യു.ഡി. അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. നിലവിൽ മെഡിക്കൽ കോളേജ്, കുടമാളൂർ എന്നിവിടങ്ങളിൽ ചില മരങ്ങൾ മുറിക്കാനും ശിഖരങ്ങൾ വെട്ടിമാറ്റാനുമായി ഫണ്ട് അനുവദിച്ചതുകൊണ്ടാണ് മരങ്ങൾ മുറിച്ചുതുടങ്ങിയത്. ചവിട്ടുവരിയിലെ മരം മൂന്ന് മീറ്റർ ഉയരത്തിൽ നിലനിർത്തണമെന്ന നിർദേശം പാലിച്ചുകൊണ്ടാകും മരം മുറിക്കുകയെന്നും അധികൃതർ അറിയിച്ചു. വെട്ടിയശേഷം മരങ്ങളുടെ ലേലത്തിനായി ഓൺലൈനിലൂടെ അവസരം ഒരുക്കും.
Published: 28 Sept 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented