ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണ കാളകെട്ടുത്സവം വിജയകരമായി അവസാനിച്ചെങ്കിലും തുടർന്നുണ്ടാകുന്ന വൈദ്യുതിമുടക്കം ഉത്സവത്തിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കുന്നു.

To advertise here,

കെട്ടുത്സവത്തിനെത്തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതിബന്ധം തടസ്സപ്പെടുന്നതോടെ നാട്ടുകാർ കൊടിയ ദുരിതത്തിൽപ്പെടുകയാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

2021 ഒക്ടോബറിൽ ജനപ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരെ ഉൾപ്പെടുത്തി മാതൃഭൂമി സെമിനാർ സംഘടിപ്പിച്ചിരുന്നു. പ്രശ്നം ശാശ്വതമായി പരിഹരിക്കണമെങ്കിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് ജനപ്രതിനിധികൾ അടക്കം മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സി.ആർ. മഹേഷ് എം.എൽ.എ., കായംകുളത്തെ മുൻ എം.എൽ.എ. യു. പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.

കെട്ടുകാളകൾ കടന്നുവരുന്ന സ്ഥലങ്ങളിൽ, രഥോത്സവം നടക്കുന്ന കൽപ്പാത്തി മാതൃകയിൽ ഭൂഗർഭ കേബിൾ സംവിധാനം നടപ്പാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് വൈദ്യുത ബോർഡ് കർമപദ്ധതിയും നിർദേശം അടങ്ങിയ റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചെങ്കിലും ഭീമമായ തുക വേണ്ടിവരുന്നതിനാൽ തുടർനടപടികൾ ഉണ്ടായില്ല.

തുടർന്ന് അടുത്തവർഷം കെട്ടുത്സവാനന്തരം വിഷയം വീണ്ടും ഉയർന്നുവന്നു.

ആദ്യഘട്ടമെന്ന നിലയിൽ ഓച്ചിറ ടൗണിലും പരിസരപ്രദേശങ്ങളിലും മാത്രം വൈദ്യുതലൈനുകൾ കേബിൾ വഴി (കവേഡ് കണ്ടക്ടർ) ആക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് വൈദ്യുത ബോർഡ് ഒരു പദ്ധതി തയ്യാറാക്കി. 3.43 കോടി രൂപയുടെ എസ്റ്റിമേറ്റും മറ്റും തയ്യാറാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല.

കഴിഞ്ഞവർഷവും ദുരിതം ആവർത്തിച്ചതോടെ വിഷയം വീണ്ടും ഉയർന്നു. ഓച്ചിറ ടൗണിന്‌ ഒരു കിലോമീറ്റർ ചുറ്റളവിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ച് പ്രശ്നത്തിന് ഭാഗിക പരിഹാരമെങ്കിലും കാണണമെന്നുള്ള നിർദേശം ഉണ്ടാകുകയും അതുമായി ബന്ധപ്പെട്ട് ഏഴുകോടി രൂപയുടെ അടങ്കൽ വൈദ്യുത ബോർഡ് തയ്യാറാക്കുകയും ചെയ്തിരുന്നു.