വടകര : വെള്ളൂർ പഞ്ചായത്തിലെ 15-ാംവാർഡ് വരിക്കാംകുന്നിൽ പഞ്ചായത്തിന്റെ പെർമിറ്റോ, അനുമതിയോ ഇല്ലാതെ റെഡിമിക്‌സ് കോൺക്രീറ്റ് പ്ലാന്റ് നിർമിക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
പഞ്ചായത്തിനെപ്പോലും അറിയിക്കാതെ പ്രദേശത്ത് രഹസ്യമായാണ് നിർമാണം നടന്നുവന്നത്. ഡിജിറ്റൽ ബ്ലോക്ക് നമ്പർ 22, ഡിജിറ്റൽ സർവേ നമ്പർ 103, 11 എന്നിവയിൽപ്പെട്ട വസ്തുവിലാണ് പ്ലാന്റിനായുള്ള പണികൾ നടന്നിരുന്നത്. പ്രദേശത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുകയും അടിത്തറ നിർമിക്കുകയും ചെയ്തതോടെയാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
‘ഇടുക്കി റെഡിമിക്‌സ് കോൺക്രീറ്റ് വരിക്കാംകുന്ന്’ എന്നപേരിൽ പത്തനംതിട്ട പറക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിക്കാൻ ശ്രമിക്കുന്നത്. ജനവാസമേഖലയിൽ പ്ലാന്റ് വരുന്നതുമൂലം ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായുമലിനീകരണം, ശബ്ദമലിനീകരണം, കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം എന്നിവയ്ക്ക് പുറമേ പ്രദേശം വലിയരീതിയിലുള്ള പരിസ്ഥിതി നാശത്തിലേക്ക് വഴിമാറുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. കോട്ടയം- എറണാകുളം പ്രധാനപാതയോരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന തിരക്കേറിയ ഈ റോഡിൽ കൂറ്റൻവാഹനങ്ങളും പ്ലാന്റിലെ യന്ത്രങ്ങളും വരുന്നതോടെ കടുത്ത ഗതാഗതതടസ്സവും അപകടസാധ്യതയും ഉണ്ടാകും. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിർമാണപ്രവർത്തനങ്ങൾ പൂർണമായും തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിന് തുടക്കമിട്ടു.
ഇതിന്റെ ഭാഗമായി വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ചെയർമാനായും വാർഡ് മെമ്പർ ടി.എസ്. സുമി കൺവീനറായും ജനകീയസമിതി രൂപവത്കരിച്ചു. ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വിപുലമായ ഒപ്പുശേഖരണം നടത്തി. പ്ലാന്റിനെതിരേ എം.എൽ.എ., ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് ജനകീയസമിതി പരാതി നൽകി.
Published: 25 Sept 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented