ചാത്തന്നൂർ :നിർമാണം നടക്കുന്ന ദേശീയപാത 66-ൽ, ഉയരപ്പാതയിൽ സ്ഥാപിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കൂറ്റൻ കോൺക്രീറ്റ് ബീം (ഗർഡർ) അമിത മർദ്ദത്തെത്തുടർന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മൈലക്കാട് ജങ്ഷനുസമീപം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.37-നാണ് അപകടം.

To advertise here,

ഈ സമയം റോഡിൽ വാഹനങ്ങളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ക്രെയിൻ ഉപയോഗിച്ച് ഉയരപ്പാതയിലെ തൂണുകളിലേക്ക് മാറ്റാൻ വെച്ചിരുന്ന കോൺക്രീറ്റ് ബീമാണ് പൊട്ടിത്തെറിച്ചത്.

ബീമിന് കൂടുതൽ ബലം നൽകാൻ ഉള്ളിലെ സ്റ്റീൽ കേബിളുകൾ വലിച്ചുമുറുക്കിയിരുന്നിടത്താണ് അപകടമുണ്ടായത്. കേബിളുകൾ വലിച്ചപ്പോഴുണ്ടായ അമിത സമ്മർദം താങ്ങാനാകാതെ കോൺക്രീറ്റ് അടർന്ന് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബീം പൊട്ടിത്തെറിച്ചതോടെ റോഡിലേക്ക് കോൺക്രീറ്റ് ചീളുകൾ ശക്തിയോടെ ചിതറി. പ്രദേശം മുഴുവൻ കനത്ത പൊടിപടലങ്ങളാൽ മൂടി. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് കാറുകൾ കടന്നുപോയ റോഡിലേക്കാണ് നിമിഷങ്ങൾക്കകം കോൺക്രീറ്റ് പാളികൾ തെറിച്ചുവീണത്.

സമീപത്തെ വീടിന്റെ സി.സി.ടി.വി. ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജനവാസമേഖലയിൽ നിർമാണപ്രവർത്തനം നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കരാർ കമ്പനി ലംഘിച്ചതായി നാട്ടുകാർ ആരോപിച്ചു. കോൺക്രീറ്റിന്റെ ഗുണനിലവാരക്കുറവാണോ കേബിൾ വലിച്ചുമുറുക്കിയതിലെ അപാകമാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ ഉന്നതതല പരിശോധന നടത്തണമെന്ന്‌ ആവശ്യം ഉയർന്നു.