വൈക്കം : ആളറിയാതിരിക്കാൻ വിഗ് വച്ച് കടകളിൽ കയറി കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി കടന്നുകളഞ്ഞ പ്രതിയെ വൈക്കം പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം ആനക്കുഴി പുത്തൻവീട്ടിൽ അബ്ദുൾ റഷീദ് (65)-നെയാണ് പിടികൂടിയത്. കള്ളനോട്ട് അടിക്കുന്ന യന്ത്രസാമഗ്രികളും 500-ന്റെ കള്ളനോട്ടുകളും കണ്ടെടുത്തു.

To advertise here,

വേളൂർ ഇല്ലിക്കലിൽ വാടകവീട്ടിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. കള്ളനോട്ട് അടിക്കാനും അത് മാറുന്നതിനുമാണ് ഇല്ലിക്കലിൽ വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ 30-ന് വൈക്കം വെച്ചൂർ പുത്തൻപാലത്തിന് സമീപം കാറിലെത്തിയ ഇയാൾ കടയിൽ കയറി 500-ന്റെ കള്ളനോട്ട് നൽകി 80 രൂപ വില വരുന്ന കൊതുകുതിരിയും ബാക്കി കാശും വാങ്ങി. സമീപത്തെ മറ്റൊരു കടയിൽ കയറി അവിടെയും 500-ന്റെ കള്ളനോട്ട് നൽകി 70 രൂപ വിലവരുന്ന ആട്ട വാങ്ങി.

സമീപത്തെ മറ്റൊരു തുണിക്കടയിൽ കയറി ഒരു കാവിമുണ്ട് വാങ്ങിയ ശേഷം 500-ന്റെ കള്ളനോട്ട് നൽകിയപ്പോൾ ബാക്കി തരാൻ പണം ഇല്ലെന്നും ചില്ലറ വാങ്ങി വരാൻ കടയുടമ പറയുകയുമായിരുന്നു. കൈയ്യിൽ ചില്ലറ ഉണ്ടായിട്ടും 500-ന്റെ നോട്ട് നൽകുന്നതുകണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം വ്യാപാരി അറിഞ്ഞത്. പിടിക്കപ്പെടുമെന്ന് കണ്ടതോടെ ഇയാൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടൻ ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കാറിൽ അമിത വേഗത്തിൽ വൈക്കം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.

പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാവിലെ വേളൂർ ഇല്ലിക്കലിൽ വാടക വീട്ടിൽനിന്നും ഇയാളെ പിടികൂടിയത്. 500-ന്റെ 37 കള്ളനോട്ടുകൾ, ഒരു വശം പ്രിന്റ് ചെയ്ത നോട്ടുകൾ, കള്ളനോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ, ലാപ്‌ടോപ്, മഷി ഉൾപ്പെടെ വാടകവീട്ടിൽനിന്നും പിടിച്ചെടുത്തു. തുടർന്ന് നോട്ടുകൾ മാറിയ വൈക്കത്തെ കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ആളെ തിരിച്ചറിയാതിരിക്കാൻ നോട്ടുകൾ മാറുന്ന സമയത്ത് തലയിൽ വിഗ് വയ്ക്കുകയും പിന്നീട് അത് അഴിച്ചുമാറ്റുകയും ആയിരുന്നു രീതി. രാവിലെയും വൈകീട്ടും നോട്ടുകൾ മാറാനായി കാറിൽ പുറത്തിറങ്ങുന്ന ഇയാൾ സി.സി.ടി.വി. ക്യാമറ ഇല്ലാത്ത കടകളിൽ കയറി 500 രൂപ നൽകി വില കുറഞ്ഞ സാധനങ്ങൾ വാങ്ങി ബാക്കി പണം വാങ്ങി മടങ്ങുന്നതാണ് പതിവ്. കിളിമാനൂർ, പാലക്കാട്, കൊല്ലം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ കള്ളനോട്ട് കേസിൽ പ്രതിയാണ്.

കോട്ടയം എസ്.പി. സാബു മാത്യുവിന്റെ നിർദേശാനുസരണം വൈക്കം ഡിവൈ.എസ്.പി. കെ.എൻ.രാജേഷ്, തലയോലപ്പറമ്പ് സി.ഐ. ജെ.രജൻകുമാർ, വൈക്കം എസ്.എച്ച്.ഒ. കെ.വി.വൈശാഖ്, എസ്‌.ഐ. ജയ്‌മോൻ, എസ്.പി.യുടെ സ്‌പെഷ്യൽ സ്‌ക്വാഡ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡുചെയ്തു.