ചാരുംമൂട് : കൊല്ലം-തേനി ദേശീയപാതയുടെ (183) ഭാഗമായ കൊല്ലം കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള റോഡുവികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പു നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുന്നു. 54 കിലോമീറ്റർ ദൂരത്തിൽ 20 മീറ്റർ വീതിയിലാണ് റോഡ്. നടപടിക്രമങ്ങളിലെ കാലതാമസം കാരണം പ്രതിസന്ധിയിലായിരുന്ന ദേശീയപാത വികസനപദ്ധതിക്കു വീണ്ടും വേഗം കൈവരുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ. ബഷീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമയബദ്ധമായി പൂർത്തീകരിക്കുന്നതിന് ധാരണയായത്. നിലവിലുള്ള പാതയുടെ ശേഷി വർധിപ്പിച്ച് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പ്രദേശത്തിന്റെ ഗതാഗത, വാണിജ്യ മേഖലകളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണ് പദ്ധതി.
ദേശീയപാത വികസനത്തിനായി കേന്ദ്ര റോഡുഗതാഗത-ഹൈവേ മന്ത്രാലയം 1661.15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രധാന സിവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് 689.20 കോടി രൂപയും വൈദ്യുതി, കുടിവെള്ള പൈപ്പുലൈനുകൾ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് 72.24 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഇവ ഉൾപ്പെടെയുള്ള സിവിൽ നിർമാണ ചെലവ് 761.45 കോടി രൂപയാണ്. ഇതിന്റെ 18 ശതമാനം ജി.എസ്.ടി.യായ 137.06 കോടി രൂപ കൂടി കണക്കാക്കുമ്പോൾ ടെൻഡർ നടപടികൾക്കുള്ള സിവിൽ നിർമാണ ചെലവ് 898.51 കോടി രൂപയാകും.
അനുബന്ധച്ചെലവുകൾ, ഏജൻസി ചാർജുകൾ, മേൽനോട്ടച്ചെലവുകൾ, പരിപാലനച്ചെലവുകൾ, വിലവർധന എന്നിവ ഉൾപ്പെടെ നിർമാണത്തിനുള്ള ആകെ ചെലവ് 1009.56 കോടി രൂപയാണ്. സ്ഥലമേറ്റെടുപ്പിന് 259.40 കോടി രൂപയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നഷ്ടപരിഹാരമായി 394.19 കോടി രൂപയും ഉൾപ്പെടെ പദ്ധതിയുടെ ആകെ മൂലധനച്ചെലവ് 1663.15 കോടി രൂപയാണ്.
പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായി ജി.എസ്.ടി. വരുമാനം നൽകുന്ന കാര്യത്തിലും എം.പി.യുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞമാസം തീരുമാനമായിരുന്നു. നേരത്തേ സ്ഥലമേറ്റെടുപ്പിനായി പ്രസിദ്ധീകരിച്ചിരുന്ന വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാൽ പുതുക്കിയ മൂന്ന്-എ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഇതിനു മുന്നോടിയായി എം.പി.യുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സംയുക്തയോഗം വിളിച്ചുചേർക്കും. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പി.മാർ, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ, ദേശീയപാത ഉദ്യോഗസ്ഥർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ, പദ്ധതിയുടെ കൺസൽറ്റന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഇതിനുശേഷം കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള 54 കിലോമീറ്റർ പാതയുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കും. പുതിയ മൂന്ന്-എ വിജ്ഞാപനം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തിനിർണയവും കല്ലിടൽ നടപടികളും ആരംഭിക്കും. സ്ഥലമേറ്റെടുപ്പിനും അനുബന്ധ നഷ്ടപരിഹാരവിതരണത്തിനും ആവശ്യമായ തുക ഇതിനോടകം ലഭ്യമായതിനാൽ അർഹരായ ഭൂവുടമകൾക്കും കെട്ടിട ഉടമകൾക്കും നിയമാനുസൃത നഷ്ടപരിഹാരം നൽകി എത്രയുംവേഗം ഭൂമി ഏറ്റെടുക്കാനാണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്.
Published: 07 Nov 2026, 02:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented