ഇരുചക്രവാഹന യാത്രക്കാരും സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നു
തണ്ണീർമുക്കം : ഗതാഗതത്തിരക്കേറിയ തണ്ണീർമുക്കം-ആലപ്പുഴ റോഡിൽ തണ്ണീർമുക്കം സഹകരണ ബാങ്ക് ജങ്ഷനിൽ തെറ്റായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാസൂചിക യാത്രക്കാരെ വഴിതെറ്റിച്ച് അപകടങ്ങളിലേക്കു നയിക്കുന്നു. ദിവസേന വലിയ വാഹനങ്ങൾ തട്ടി ഇരുചക്രവാഹന യാത്രക്കാരും സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടുന്നു.
തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് നോക്കി വൈക്കം, കോട്ടയം ഭാഗങ്ങളിലേക്കു തിരിയുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. ബാങ്ക് ജങ്ഷനിൽനിന്ന് ബോർഡ് നോക്കി വാഹനങ്ങൾ തിരിഞ്ഞാൽ നേരേ പോകുന്നത് കണ്ടംകുളങ്ങര ക്ഷേത്രത്തിനു സമീപത്തേക്കും തുടർന്ന് കുണ്ടുവളവിലേക്കുമാണ്. തെക്കുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ ബാങ്ക് ജങ്ഷനിൽ തിരിയേണ്ടതിനു പകരം നേരേ വാഹനം ഓടിച്ചുകയറ്റും. കുണ്ടുവളവ് റോഡിലൂടെ വരുന്നവരാണ് മുഖ്യമായും അപകടത്തിൽപ്പെടുന്നത്. ഈയിടെ കുണ്ടുവളവ്-തണ്ണീർമുക്കം റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ചപ്പോൾ തണ്ണീർമുക്കം-ആലപ്പുഴ റോഡിന്റെ നിലവാരത്തിലായി. അതോടെ റോഡുകളുടെ ഗതി അറിയാനും കഴിയുന്നില്ല. അടുത്തിടെയാണ് ഇവിടെ ദിശാസൂചിക സ്ഥാപിച്ചത്. ജങ്ഷനിൽ സ്ഥാപിക്കുന്നിനു പകരം ബോർഡ് അല്പംകൂടി തെക്കോട്ടു മാറ്റി സ്ഥാപിച്ചിരുന്നെങ്കിൽ അപകടസാധ്യത ഒഴിവായേനെ. വാഹനങ്ങൾ ഓടിക്കുന്നവർ ജങ്ഷനിൽ എത്തുമ്പോൾ മാത്രമാണ് ബോർഡ് കാണുന്നത്. ബോർഡ് കുറച്ചുകൂടി തെക്കോട്ടു മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം പലവട്ടം അധികൃതർക്കു പരാതി നൽകിയെങ്കിലും അവർ പരിഗണിച്ചിട്ടില്ല. ജങ്ഷനിൽ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടുന്നു.
Published: 07 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented