മുഖ്യമന്ത്രിക്ക് ഇരട്ടസഹോദരങ്ങളുടെ സങ്കടഹർജി

To advertise here,

അമ്പലപ്പുഴ : കടലേറ്റത്തെ ഭയന്ന് ഉറക്കമിളച്ചിരുന്ന രാത്രിയിൽ ഇരട്ടസഹോദരങ്ങളായ ഉത്തരയും വസുദേവും ഒന്നുറപ്പിച്ചു. തങ്ങളുൾപ്പെടുന്ന തീരദേശത്തിന്റെ ദുരിതം നീങ്ങണം. കടൽഭിത്തിയും പുലിമുട്ടും നിർമിക്കുമെന്ന അധികാരികളുടെ വാഗ്ദാനം കേട്ടുതുടങ്ങിയിട്ട് കാലങ്ങളായി. അഞ്ചാം ക്ലാസ് വിദ്യാർഥികളായ അവർ മുഖ്യമന്ത്രി വി.ഡി. സതീശന് തങ്ങളുടെ സങ്കടങ്ങൾ തുറന്നെഴുതി.

അവർ പറഞ്ഞത് ഒരു നാടിന്റെ ദുരിതം

: പുറക്കാട് ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിൽ കുന്നശ്ശേരി പുരയിടത്തിൽ ഉത്തമന്റെ മക്കളാണ് ഉത്തരയും വസുദേവും.

ദേശീയപാതയ്ക്കും കടലിനുമിടയിലുള്ള പ്രദേശത്താണ് ഇവരുടെ വീട്. തോട്ടപ്പള്ളി തുറമുഖം മുതൽ വടക്കോട്ട് പുറക്കാട് വേണുഗോപാല ദേവസ്വം സ്കൂളിനു പടിഞ്ഞാറുവരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി. നിലവിലുള്ള ഭിത്തി ഇടിഞ്ഞുതാഴ്‌ന്നതിനാൽ ഇതിനു മുകളിലൂടെ തീരമാലകൾ കയറി വീടുകളിലെത്തും. ശക്തമായ കടലേറ്റമുണ്ടാകുമ്പോൾ പലയിടത്തും ദേശീയപാതയിലും കടൽ കയറും.

തോട്ടപ്പള്ളിയിലെ അനിയന്ത്രിത മണ്ണെടുപ്പിനെത്തുടർന്ന് പ്രദേശത്ത് തീരശോഷണവുമുണ്ടായി. പണ്ടുകാലത്ത് കടൽകയറുമ്പോൾ രക്ഷയ്ക്കായി ആളുകൾ ദേശീയപാതയുടെ കിഴക്കുഭാഗത്തേക്കു മാറുമായിരുന്നു. എന്നാലിപ്പോൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി മതിലുയർന്നു. കടലേറ്റസമയത്ത് രക്ഷപ്പെടാനുള്ള വഴിയുമടഞ്ഞു.

അവർ പറഞ്ഞതിങ്ങനെ

: ഈ അപേക്ഷ എഴുതാൻ ഞങ്ങൾക്ക് ഇപ്പോൾ തോന്നിയത് കഴിഞ്ഞദിവസത്തെ ഒരനുഭവത്തിൽനിന്നാണ്. കടലേറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള അറിയിപ്പ് പഞ്ചായത്തിൽനിന്ന് ലഭിച്ചു. രാത്രിയിലായിരുന്നു ഇത്. ഇതു കേട്ടപ്പോൾത്തന്നെ ക്ഷീണിതയായ അമ്മൂമ്മയുമായി നേരംവെളുക്കുംവരെ ഉറങ്ങാതെയിരുന്നു. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് സ്ഥിരം കടലേറ്റമാണ്. ഭിത്തിക്കു മുകളിലൂടെയാണ് കടൽ ഞങ്ങളുടെ വീട്ടിൽ പതിക്കുന്നത്. കടൽഭിത്തി അറ്റകുറ്റപ്പണിയും പുലിമുട്ട് നിർമാണവുമാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ സർക്കാരിനു നൽകിയിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു. കടലേറ്റഭീതിമൂലം കുട്ടികളായ ഞങ്ങൾക്ക് ഉറങ്ങാനാകുന്നില്ല. കടൽഭിത്തിയും പുലിമുട്ടും നിർമിച്ചുതന്ന് ഞങ്ങളുടെ സങ്കടം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു.

എന്ന്,

ഉത്തര ഉത്തമൻ, വസുദേവ് ഉത്തമൻ