ആലപ്പുഴ : വലിയ പ്രതീക്ഷയോടെ കായംകുളത്തു തുടങ്ങിയ എൻ.ടി.പി.സി. താപനിലയംകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. ചെയർമാനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഊർജപ്രതിസന്ധി വിലയിരുത്താൻ കുമരകത്തു ചേർന്ന പി.എ.സി. അംഗങ്ങളുടെ യോഗത്തിലായിരുന്നു ഇത്.
പഴയ കരാർപ്രകാരം എൻ.ടി.പി.സി.ക്കു പ്രതിവർഷം 100 കോടി രൂപ വെറുതേകൊടുക്കുന്നതല്ലാതെ കേരളത്തിനാവശ്യമായ വൈദ്യുതി ലഭിക്കുന്നില്ല. ഈ സ്ഥിതി അംഗീകരിക്കാനാകില്ല- കെ.സി. വേണുഗോപാൽ പറഞ്ഞു. നിലവിൽ അവിടെ സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും രാത്രികാല ഉപയോഗത്തിനു സംഭരിച്ചുവെക്കാനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനമില്ല. അതിന് അടിയന്തരനടപടി സ്വീകരിക്കാൻ കമ്മിറ്റി നിർദേശിച്ചു.
നിലയം കേരളത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ പഠിച്ച് റിപ്പോർട്ട് നൽകണം. പ്രയോജനമില്ലെങ്കിൽ നിലയത്തിനു നൽകിയ 300 ഏക്കർ ഭൂമി തിരിച്ചുപിടിച്ച് മറ്റു വികസന ആവശ്യങ്ങൾക്കുപയോഗിക്കാൻ സർക്കാരിനോട് ശുപാർശചെയ്യുമെന്നും കമ്മിറ്റി മുന്നറിയിപ്പു നൽകി.
സംസ്ഥാനം നേരിടുന്ന ഊർജപ്രതിസന്ധി പരിഹരിക്കാനുള്ള ശാശ്വതപരിഹാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ഏജൻസികളുടെയും ഏകോപനത്തിൽ നടപ്പാക്കും. കായംകുളം എൻ.ടി.പി.സി. നിലയത്തിൽ പുനർവികസനം സാധ്യമാകുംവിധം പുതിയ പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശവും നൽകി. ഊർജപ്രതിസന്ധി പരിഹരിക്കാൻ പവർ കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ഏകോപനം ഉറപ്പാക്കുമെന്നും സമിതിയംഗങ്ങൾ പറഞ്ഞു. പി.എ.സി. അംഗങ്ങളായ ഡോ. കെ. ലക്ഷ്മൺ, അപരാജിത സാരംഗി, ഡോ. അമർ സിങ്, ജഗദംബിക പാൽ, ജയ്‌പ്രകാശ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Published: 07 Nov 2026, 02:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented