വീയപുരം : തൃപ്പക്കുടം റെയിൽവേ മേൽപ്പാലം നിർമാണത്തിനു റോഡ് അടച്ചതോടെ ഗതാഗതം തിരിച്ചുവിട്ട റോഡിൽ യാത്രാദുരിതം. റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ മേൽപ്പാലം നിർമാണത്തിനായി ഹരിപ്പാട്-വീയപുരം റോഡ് അടച്ചതാണ് ബുദ്ധിമുട്ടായത്. ഇതിനുപകരം ഉപയോഗിക്കണ്ട വെള്ളാന ജങ്ഷൻ-വാത്തുകുളങ്ങര റോഡ് കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്.
വെള്ളാന ജങ്ഷനിൽനിന്നു വാത്തുകുളങ്ങരക്കുള്ള റോഡിലെ യാത്രയേറെ പ്രയാസകരമാണ്. തകർന്നുകിടക്കുന്ന റോഡിൽ വലിയ കുഴികളുമുണ്ട്. മഴയുള്ളപ്പോൾ വെള്ളം കെട്ടിക്കിടന്ന് കുഴികൾ തിരിച്ചറിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. ഒട്ടേറെ സ്കൂളുകളിലേക്കുള്ള കുട്ടികൾ നടന്നും സൈക്കിളിലും പോകുന്ന വഴിയാണിത്. ചെളിവെള്ളം നിറഞ്ഞ റോഡിൽ കുട്ടികളുടെ യാത്ര ദുരിതമാണ്.
വാഹനങ്ങൾ പോകുമ്പോൾ കാൽനടയായി പോകുന്നവരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. സന്ധ്യകഴിഞ്ഞാൽ റോഡിലൂടെ പോകാൻ വലിയ ബുദ്ധിമുട്ടാണ്. സ്ഥലപരിചയമില്ലാത്തവർക്കാണ് കൂടുതലും അപകടമുണ്ടാകുന്നത്. വെള്ളാന ജങ്ഷനിൽനിന്ന് റോഡ് തുടങ്ങുന്നതു മുതൽ റെയിൽവേ അടിപ്പാതവരെ കുണ്ടും കുഴിയുമാണ്.
അടിപ്പാതയിലെ വെള്ളക്കെട്ട് കൂടിയാകുന്നതോടെ യാത്രക്കാർ ദുരിതത്തിലാകും. റോഡ് നന്നാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Published: 07 Nov 2026, 02:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented