അഞ്ച് ബോർഡുകൾ ഒരുക്കിയിട്ടും രക്ഷയില്ല, ചുവരും നടുമുറ്റവും വീണ്ടും പ്രചാരണവേദിയാകുന്നു
കാക്കനാട് : അനധികൃത പരസ്യബോർഡുകളും പോസ്റ്ററുകളും വെട്ടിമാറ്റി കളക്ടറേറ്റ് വളപ്പിന് 'ശ്വാസം' കിട്ടിയതേയുള്ളൂ. പിന്നാലെ വീണ്ടും ബോർഡുകളും ബാനറുകളും തലപൊക്കിയതോടെ സിവിൽ സ്റ്റേഷനിൽ പുതിയ 'ഫ്ളെക്സ് അധ്യായം'.
അനധികൃത പരസ്യബോർഡുകൾക്കും പോസ്റ്ററുകൾക്കുമെതിരേ ജില്ലാ കളക്ടർ കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് അനുവദിച്ച സ്ഥലത്തിന് പുറമേ വീണ്ടും പ്രചാരണസാമഗ്രികൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ സർവീസ് സംഘടനകൾ തമ്മിലുള്ള തർക്കവും മുറുകി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കളക്ടറേറ്റ് വളപ്പിലെ ഫ്ളെക്സ് കാടുകൾ നീക്കംചെയ്യാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങിയിരുന്നു. സംഘടനകളുടെ അറിയിപ്പുകളും പരിപാടികളുടെ പ്രചാരണവും നടത്താൻ കണ്ടയിടത്തൊക്കെ പോസ്റ്റർ പതിക്കുന്ന പതിവിനും ഇതോടെ നിയന്ത്രണമേർപ്പെടുത്തി. 'സ്ഥലം തന്നില്ല' എന്ന പരാതി ഒഴിവാക്കാൻ സർവീസ് സംഘടനകൾക്കായി കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽനിന്നുള്ള വടക്കേ പ്രവേശന കവാടത്തിനുസമീപം പ്രത്യേകമായി അഞ്ച് നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു. സംഘടനകൾക്ക് അറിയിപ്പുകൾ പതിക്കാൻ നിശ്ചിത ഇടം അനുവദിച്ചതോടെ ചുവരുകളും മറ്റിടങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ഫ്ളെക്സ് മാറി; തർക്കം മാറിയില്ല
ഫ്ളെക്സുകളും പോസ്റ്ററുകളും ഒഴിവാക്കി കളക്ടറേറ്റ് വളപ്പിൽ വൃത്തിയും അച്ചടക്കവും ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ സംഘടനകൾ തമ്മിലുള്ള പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്. ഉത്തരവ് കർശനമായി നടപ്പാക്കിയില്ലെങ്കിൽ കളക്ടറേറ്റ് വളപ്പിൽ വീണ്ടും പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറാനുള്ള സാധ്യതയും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അനുവദിച്ച ഇടവും അതിന് പുറത്തുള്ള ഇടവും സംബന്ധിച്ച തർക്കം തുടർന്നാൽ വിഷയം വീണ്ടും സമരവേദിയാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
Published: 09 Sept 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented