മണർകാട് പള്ളിയിൽ നട തുറന്നു; പെരുന്നാൾ ഇന്ന് സമാപിക്കും
മണർകാട് : ദൈവമാതാവിനോടുള്ള അപേക്ഷകൾക്കും പ്രാർഥനകൾക്കുമിടെ, മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെയുംകൊണ്ടുനിൽക്കുന്ന തിരുസ്വരൂപം ദർശനത്തിന് തുറന്നു. തിങ്കളാഴ്ച രാവിലെ മൂന്നിൻമേൽ കുർബാനയെത്തുടർന്നുള്ള മധ്യാഹ്നപ്രാർഥനയ്ക്കിടെയാണ് നട തുറന്നത്. വലിയപള്ളിയുടെ പ്രധാന മദ്ബഹയിലെ ത്രോണോസിലാണ് തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ളത്.
യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വൈദിക സെമിനാരി റെസിഡെന്റ് മെത്രാപ്പൊലീത്ത ഡോ. കുറിയാക്കോസ് മാർ തെയോഫിലോസ്, കത്തീഡ്രൽ വികാരി കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, സഹവികാരിമാരായ കുര്യാക്കോസ് എബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ, കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ, ജെ. മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറന്പിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശേരിൽ എന്നിവർ സഹകാർമികരായി.ചൊവ്വാഴ്ചയാണ് പ്രധാന പെരുന്നാൾ. 1501 പറ അരിയുടെ പാച്ചോറാണ് പെരുന്നാൾദിനത്തിൽ നേർച്ചവിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ വലിയ പള്ളിയിൽ മൂന്നിൻമേൽ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റി പ്രദക്ഷിണം, തുടർന്ന് നേർച്ചവിളമ്പ്.
കത്തീഡ്രലിന്റെ ഫെയ്സ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും വെബ്സൈറ്റിലും പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ തത്സമയം സംപ്രേഷണംചെയ്യും. സ്ലീബാ പെരുന്നാൾ ദിനമായ 14-ന് വൈകീട്ട് സന്ധ്യാപ്രാർഥനയോടെ നട അടയ്ക്കും. 14 വരെ എല്ലാ ദിവസവും രാവിലെ വിവിധ മെത്രാപ്പൊലീത്തമാരുടെ പ്രധാന കാർമികത്വത്തിൽ വലിയ പള്ളിയിൽ മൂന്നിൻമേൽ കുർബാന ഉണ്ട്.
Published: 08 Sept 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented