കീരംപാറ : ഇഞ്ചത്തൊട്ടി തൂക്കുപാലവും പരിസരവും വിനോദസഞ്ചാര ഭൂപടത്തിലേക്ക്. സഞ്ചാരത്തിനായി തുറന്ന തൂക്കുപാലം കാഴ്ചകളുടെ വൈബായി മാറിയതോടെ ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണകേന്ദ്രമാണ്. വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഇഞ്ചത്തൊട്ടിയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ.
നവംബറിൽ ഇഞ്ചത്തൊട്ടിയിൽ കയാക്കിങ് ആരംഭിക്കാനും സഞ്ചാരികൾക്കായി മനോഹരമായ പാർക്ക് ഒരുക്കുന്നതിനും പുതിയ പാലം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ. വ്യക്തമാക്കി. ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിച്ചശേഷമാണ് എം.എൽ.എ. വികസനപദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്. തൂക്കുപാലവും പെരിയാറിന്റെ മനോഹാരിതയും ഉൾപ്പെടെ ഇഞ്ചത്തൊട്ടിയുടെ പ്രകൃതിസൗന്ദര്യം വിനോദസഞ്ചാരമേഖലയ്ക്കായി പ്രയോജനപ്പെടുത്താനാവും.
സഞ്ചാരികൾക്ക് കൂടുതൽ സമയം ചെലവഴിക്കാനും വിശ്രമിക്കാനും കഴിയുന്നതരത്തിൽ മനോഹരമായ പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. കയാക്കിങ് ആരംഭിക്കുന്നതോടെ ഇഞ്ചത്തൊട്ടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും. സാഹസിക വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകളും തുറക്കും.
ഇഞ്ചത്തൊട്ടിയുടെ വികസനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സഞ്ചാരികൾക്കൊപ്പം പ്രദേശവാസികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകും. പുതിയ പാലത്തിനായുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ഷിബു തെക്കുംപുറം എം.എൽ.എ. ചൂണ്ടിക്കാട്ടി.
ഇഞ്ചത്തൊട്ടിയുടെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിൽ ഡി.ടി.പി.സി. സെക്രട്ടറി ലിജോ ജോസ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ എം.എൽ.എ.യ്ക്കൊപ്പം ഉണ്ടായിരുന്നു.
Published: 09 Sept 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented