ചങ്ങനാശ്ശേരി : ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന ചങ്ങനാശ്ശേരി നഗരത്തിലെ നടപ്പാതകളിൽ നടക്കുന്ന കൈയേറ്റം അധികൃതർ കാണുന്നില്ല. പ്രധാന റോഡുകളിലും ഇടവഴികളിലും എല്ലാം വഴിയോരക്കച്ചവടം നിയന്ത്രണമില്ലാതെ പൊടിപൊടിക്കുകയാണ്. വഴിയോരക്കച്ചവടക്കാരുടെ ബാഹുല്യം മൂലം കാൽനടയാത്രക്കാരാണ് നട്ടംതിരിയുന്നത്. കാൽനടക്കാർക്ക് വഴിയിലേക്ക്‌ ഇറങ്ങി നടക്കേണ്ട അവസ്ഥ. ഇത് അപകടങ്ങൾക്കും കാരണമാകുന്നു. ഇത് കാൽനടക്കാരും കച്ചവടക്കാരുമായി തർക്കത്തിനും ഇടയാക്കുന്നു. ചന്തയിലേക്ക്‌ പോകുന്ന വഴിയൊഴികെ എല്ലായിടത്തും സമാനമായ സ്ഥിതി.

To advertise here,

എസ്.ബി. കോളേജിന് മുൻഭാഗത്ത് പൂർണമായും നടപ്പാത കൈയേറിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്. അതിഥിത്തൊഴിലാളികൾ നടത്തുന്ന തട്ടുകടകൾ തിരക്കേറിയ വൈകീട്ട്‌ മൂന്നുമണി മുതൽ സജീവമാണ്. ദിവസേന നൂറുകണക്കിന് ജനങ്ങളും വിദ്യാർഥികളും സഞ്ചരിക്കുന്ന എം.സി.റോഡിൽ അഭിനയ തിയേറ്ററിന് മുൻവശം നടപ്പാതയ്ക്കുപുറമേ റോഡും കൈയേറിയാണ് കച്ചവടം. ഇതുകാരണം കാൽനടക്കാർ റോഡിലൂടെ പോകേണ്ട അവസ്ഥയാണ്.

കറുകച്ചാൽ-മണിമല റോഡിൽ വെള്ളം റോഡിലൂടെ ഒഴുക്കുന്നു

കങ്ങഴ : പൈപ്പുവെള്ളം വരുന്നുണ്ടോ എന്നറിയാൻ റോഡിലേക്ക് നോക്കിയാൽ മതി. കറുകച്ചാൽ-മണിമല റോഡിലെ പ്രധാന കുടിവെള്ള പൈപ്പുകൾ പൊട്ടി ടാറിങ്ങിനിടയിൽനിന്ന് വെള്ളം ഒഴുകുകയാണ്.

വല്ലപ്പോഴും മാത്രമാണ് ജലവകുപ്പിന്റെ വിതരണം. ആ സമയത്തുപോലും പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. പ്ലാക്കൽപടിയിലും മൂക്കൻപാറയിലുമാണ് പൈപ്പുപൊട്ടിയത്. പ്ലാക്കൽപടിയിൽ വളവിൽ ടാറിങ്ങും തകർന്നിട്ടുണ്ട്. മൂക്കൻപാറയിലാണ് വലിയതോതിൽ പൈപ്പ് പൊട്ടിയത്. കറുകച്ചാൽവരെയുള്ള ഭാഗങ്ങളിൽ പലയിടത്തും പൈപ്പ് തകരാറുണ്ട്.

പണി നടത്തണമെങ്കിൽ കഴിഞ്ഞ വർഷം കോടികൾ മുടക്കി നവീകരിച്ച റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ടിവരും. റോഡ് പൂർണമായി തകർന്നതോടെ ജലജീവന്റെ പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കാത്ത് നിൽക്കാതെ പി.ഡബ്ല്യു.ഡി. റോഡ് പണിയുകയായിരുന്നു. പണി തുടങ്ങുംമുൻപ് പൈപ്പിടാൻ ജലവകുപ്പിനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടന്നില്ല. ജലജീവന്റെ പൈപ്പുകൾ ഇപ്പോഴും റോഡരികിലുണ്ട്. പതിറ്റാണ്ടുകൾക്ക് മുൻപ് ഇട്ട പൈപ്പുകളാണ് റോഡിനടിയിൽ കിടക്കുന്നത്. ഇത് പലയിടത്തും തകർന്നു.