പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ (എച്ച്.എച്ച്.-744) ചിന്നക്കടമുതൽ ഇടമൺവരെ പുനരുദ്ധരിക്കുന്നതിന് ഭൂമി ഏറ്റെടുക്കാനാവുമോ എന്നു പരിശോധിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കളക്ടർ ആനി ജൂലാ തോമസ് പുനലൂരിൽ വിളിച്ചുചേർത്ത വിവിധവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.

To advertise here,

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതലയോഗം വിളിച്ചുചേർത്ത് തീരുമാനമെടുക്കുകയും ശേഷം വിശദമായ അടങ്കൽ തയ്യാറാക്കി റോഡിന്റെ സമഗ്രവികസനം സാധ്യമാക്കാൻ യോഗം തീരുമാനിച്ചതായും എം.പി. അറിയിച്ചു.

കൊല്ലം-മധുര ഗ്രീൻഫീൽഡ് പാത വരുന്ന സാഹചര്യത്തിൽ നിലവിലെ ദേശീയപാത 10 മീറ്റർ വീതിയിൽ ഒറ്റത്തവണ പുനരുദ്ധാരണം നടത്തി സംസ്ഥാന സർക്കാരിനു കൈമാറാൻ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ പദ്ധതി തത്‌കാലം പരിഗണിക്കേണ്ടെന്നാണ് യോഗത്തിൽ തീരുമാനിച്ചത്. പകരം കൊല്ലംമുതൽ ഇടമൺവരെ പാത കടന്നുപോകുന്ന നിയോജകമണ്ഡലങ്ങളെ പ്രതിനിധാനംചെയ്യുന്ന ജനപ്രതിനിധികളുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന് നയപരമായ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്. ഭൂമി ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാരിനു സാധ്യമാകുമോ എന്ന് യോഗത്തിൽ ആലോചിക്കും.

നിലവിലെ പാത നാലുവരിപ്പാതയായി വികസിപ്പിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. എന്നാൽ ഭൂമി ഏറ്റെടുക്കൽ പ്രധാന വിഷയമാകും. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറായാൽ പുതിയ പദ്ധതി തയ്യാറാക്കും.

നിലവിൽ ഈ പാതയിൽ അറ്റകുറ്റപ്പണിക്കായി ചിന്നക്കടമുതൽ എഴുകോൺ അമ്പലത്തുംകാലവരെ 4.70 കോടി രൂപയും പുനലൂർമുതൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽവരെ 5.27 കോടി രൂപയും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. അമ്പലത്തുംകാലമുതൽ പുനലൂർവരെയുള്ള അറ്റകുറ്റപ്പണിക്കായി 1.75 കോടിയുടെ അടങ്കൽ ഭരണാനുമതിക്ക് സമർപ്പിച്ചിട്ടുമുണ്ട്.

പാത ഗതാഗതയോഗ്യമാക്കൽ, ഗതാഗത തടസ്സമുണ്ടാക്കുന്ന മരക്കൊമ്പുകൾ വെട്ടിനീക്കൽ, വശങ്ങളിലെ കാടുതെളിക്കൽ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുനലൂർ-കോട്ടവാസൽ പാതയിൽ അറ്റകുറ്റപ്പണി രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ചിന്നക്കട-അമ്പലത്തുംകാല പാതയുടെ ടെൻഡർ നടപടി അന്തിമഘട്ടത്തിലാണ്.

ഗ്രീൻ ഫീൽഡ് ഹൈവേ: സുപ്രീംകോടതിയെ സമീപിക്കും

:നിർദിഷ്ട കൊല്ലം-മധുര ഗ്രീൻഫീൽഡ് ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ സന്നദ്ധസംഘടനകൾ ഉയർത്തിയിട്ടുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ പരിഹരിക്കാൻ എൻ.എച്ച്.എ.ഐ. രണ്ടാഴ്ചയ്ക്കുള്ളിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.പി. അറിയിച്ചു. പ്രതിഷേധമുയർന്ന സാഹചര്യത്തിൽ നിർമാണത്തിന് അനുമതി നൽകാൻ തമിഴ്‌നാട് തയ്യാറാകാത്ത പശ്ചാത്തലത്തിലാണിത്.

സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാൽ വിവിധ സമിതികളുടെ പരിശോധനയ്ക്കുശേഷം മന്ത്രിസഭയുടെ അംഗീകാരം ലഭ്യമാക്കിയാലേ നിർമാണം ആരംഭിക്കാനാവൂ. മൊത്തം 20,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സാങ്കേതികപ്രശ്നങ്ങളുടെ പേരിലുണ്ടാവുന്ന കാലതാമസംമൂലം ഭൂമി വിട്ടുനൽകിയ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻപോലും സാധിക്കുന്നില്ല.