മറവൻതുരുത്ത് പഞ്ചായത്തിലെ വയോജന വിശ്രമകേന്ദ്രത്തിന്

To advertise here,

മറവൻതുരുത്ത് : പഞ്ചായത്തിൽ നിർമാണം പാതിവഴിയിൽ നിലച്ചുപോയ വയോജന വിശ്രമകേന്ദ്രത്തിന്റെ തുടർനിർമാണത്തിന് കളമൊരുങ്ങി.

പഞ്ചായത്തിലെ ഏഴാം വാർഡിൽ 32 വീടുകളുള്ള കുളങ്ങര ലക്ഷംവീട് നഗറിലെ വയോജന വിശ്രമകേന്ദ്രമാണ് ഫണ്ടിന്റെ സാങ്കേതികത്വത്തിൽ കുടുങ്ങിയത്.

പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതിയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. തുടർ നിർമാണത്തിനായി ജില്ലാ പഞ്ചായത്തിൽനിന്നും 10 ലക്ഷംരൂപ അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്തംഗം എം.കെ. രാജേഷ് അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയായി 2019-20-ൽ ഏഴുലക്ഷം രൂപയും, 20-21-ൽ 10 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. ലക്ഷംവീട് നഗറിലെ കുടുംബങ്ങൾക്കുള്ള പൊതുസ്ഥലത്ത് ആദ്യഘട്ടത്തിൽ കെട്ടിടത്തി‌ന്റെ ഘടനനിർമിച്ചു.

രണ്ടാംഘട്ടം എസ്‌.സി. ഫണ്ടാണ് അനുവദിച്ചത്. 51 ശതമാനം എസ്.സി. കുടുംബങ്ങൾ ഇല്ലാത്തതിനാൽ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു.

മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശമെന്നനിലയിൽ ഉയർന്നതൂണുകളിലാണ് കെട്ടിടത്തിന്റെ തറ കോൺക്രീറ്റുചെയ്തത്. തറപ്പൊക്കത്തിന് താഴെയുള്ള സ്ഥലത്ത് മഴക്കാലത്ത് മലിനജലം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നത് ജനങ്ങൾക്ക് ദുരിതമായി.

പടിക്കെട്ടുകൾ ഇല്ലാത്ത കെട്ടിടത്തിന്റെ തറയിലേക്ക് കയറാൻ സാധിക്കില്ല. ഇതിനായി ഏണി ഉപയോഗിക്കണം. കെട്ടിടത്തിനുള്ളിൽ വിവിധ ഇടങ്ങളിലായി നാലോളം കോൺക്രീറ്റ് തൂണുകൾ നിൽക്കുന്നതിനാൽ ഒരു ഹാൾ എന്നനിലയിൽ ഉപയോഗിക്കാനും കഴിയാത്ത നിലയിലാണ്. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ പി.പി. പത്മനന്ദനൻ, പി.കെ. മല്ലിക, ബിന്ദു സുനിൽ, ബ്ലോക്കുപഞ്ചായത്തംഗം സുകന്യ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

പരാതിരഹിതമായി പൂർത്തിയാക്കും

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായതിനാൽ ഗ്രാമപ്പഞ്ചായത്ത് നിസഹായാവസ്ഥയിലായിരുന്നു.

പദ്ധതി പൂർത്തീകരണത്തിനായി ജില്ലാ പഞ്ചായത്ത് അംഗത്തോട് അഭ്യർഥിച്ചിരുന്നു.

എല്ലാവരുടെയും സഹകരണത്തോടെ പരാതിരഹിതമായി നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

-പി.പി. പത്മനന്ദനൻ, മറവൻതുരുത്ത് പഞ്ചായത്തംഗം