ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫ്, ഒരിടത്ത് യു.ഡി.എഫ്.

To advertise here,

ചങ്ങനാശ്ശേരി/ കോട്ടയം : ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫ്. വിജയിച്ചു. ഒരിടത്ത് യു.ഡി.എഫും വിജയംനേടി.

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലും പാമ്പാടി പഞ്ചായത്തിലെ പത്താം വാർഡിലും എൽ.ഡി.എഫ്. വിജയം തിരിച്ചുപിടിച്ചു. മീനടം പഞ്ചായത്തിലെ ഒന്നാം വാർഡ് യു.ഡി.എഫ്. നിലനിർത്തി.

തൃക്കൊടിത്താനം ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥി മുൻ ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് വിജയിച്ചു. 2140 വോട്ടിനാണ് യു.ഡി.എഫിലെ വിജയ് ജോസ് മാരേട്ടിനെ പരാജയപ്പെടുത്തിയത്. ചങ്ങനാശ്ശേരിയിൽനിന്നും നിയമസഭയിലേക്ക്‌ വിജയിച്ച വിനു ജോബ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

2020-25 കാലത്ത് ഈ ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്നു മഞ്ജു സുജിത്ത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിനു ജോബ് 703 വോട്ടിന് ഡിവിഷനിൽ അട്ടിമറി വിജയംനേടുകയായിരുന്നു.

മീനടം ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ (ചീരംകുളം) യു.ഡി.എഫ്. സ്ഥാനാർഥി പ്രീതാ പ്രസാദ് 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. പ്രീതാ പ്രസാദിന്റെ ഭർത്താവ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സത്യപ്രതിജ്ഞയ്ക്ക് ഏതാനും മണിക്കൂറുകൾക്കുമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണനായിരുന്നു ഇവിടത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി.

പാമ്പാടി കുമ്പന്താനം 10-ാം വാർഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തു. എൽ. ഡി.എഫ്. സ്ഥാനാർഥി സണ്ണി വർഗീസ് 66 വോട്ടുകൾക്കാണ് ജയിച്ചത്. പഞ്ചായത്തംഗമായിരുന്ന ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കലായിരുന്നു ഇവിടത്തെ യു.ഡി.എഫ്. സ്ഥാനാർഥി. ബാബു മാത്യു അന്തരിച്ച​തോടെയാണ്‌ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.

യു.ഡി.എഫിന് ഭൂരിപക്ഷം ഉള്ളതിനാൽ ഒരിടത്തും ഫലം ഭരണത്തെ സ്വാധീനിക്കില്ല.

സ്പോൺസേർഡ്‌ സർക്കാരിനുള്ള തിരിച്ചടി -വി.എൻ.വാസവൻ

കോട്ടയം : തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ സ്പോൺസേർഡ് യു.ഡി.എഫ്. സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെൻറാണെന്ന് സി. പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ.വാസവൻ. ജനവിരുദ്ധ സർക്കാർ നയങ്ങൾ വോട്ടർമാർ തിരിച്ചറിഞ്ഞു. അവർ അത് തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിച്ചു.- അദ്ദേഹം പറഞ്ഞു.