​വൈക്കം : തകർന്നുകിടക്കുന്ന കണിയാംതോട് പൂത്തലപ്പടി-എടത്തലപ്പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. നേരേകടവ്-ഉദയനാപുരം റോഡിൽ എടത്തലപ്പടി ഭാഗത്തുനിന്ന് വൈക്കം കൊച്ചുകവലയിലേക്കുള്ള റോഡിന്റെ ഭാഗമാണ് ഒരുകിലോമീറ്റർ വരുന്ന കണിയാംതോട് പൂത്തലപ്പടി-എടത്തലപ്പടി റോഡ്.

To advertise here,

കൊച്ചുകവലയിൽനിന്ന് നേരേകടവിലേക്കുള്ള റോഡിന്റെ പലഭാഗവും തകർന്ന് കുഴികളുണ്ടെങ്കിലും പൂത്തലപ്പടി-എടത്തലപ്പടി ഭാഗത്താണ് ഏറ്റവും മോശമായ റോഡുള്ളത്. നേരേകടവ്-മാക്കേക്കടവ് പാലം തുറന്നതോടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം ക്രമാതീതമായി വർധിച്ചു. വാഹനത്തിരക്കുള്ള റോഡായി നേരേകടവ്-വൈക്കം കൊച്ചുകവല റോഡ് മാറി.

പൂത്തലപ്പടി-എടത്തലപ്പടി റോഡിൽ ടാർ ഇളകിപ്പോയതിനെ തുടർന്ന് കുഴി നിറഞ്ഞു. ആഴത്തിലുള്ള ഈ കുഴികളിൽ മഴപെയ്താൽ വെള്ളക്കെട്ടുമുണ്ട്. ഉദയനാപുരം ക്ഷേത്രം, ചാത്തൻകുടി ദേവീക്ഷേത്രം, മോഴുവള്ളി ഭഗവതീക്ഷേത്രം, ശ്രീനാരായണപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ഒർശ്ലേം പള്ളി തുടങ്ങിയ ആരാധനാലയങ്ങളിലേക്കും പോകാനുളള റോഡാണിത്. ഒരുവശം നഗരസഭയും മറുവശം പഞ്ചായത്തുമാണെങ്കിലും റോഡ് നഗരസഭയുടെ ഉടമസ്ഥതയിലാണ്. വീതികുറഞ്ഞ റോഡിന്റെ ഒരുവശം ഓടയും. ഇതുവഴിയെത്തുന്ന വാഹനങ്ങൾ കണിയാംതോട് വഴി തിരിഞ്ഞ് വൈക്കം-എറണാകുളം റോഡുവഴി പോകുന്നുമുണ്ട്. വൈക്കത്തഷ്ടമിക്ക്‌ മുമ്പായി റോഡ് ടാർ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

റോഡ് നന്നാക്കാൻ നടപടി ഉടൻ​

പൂത്തലപ്പടി-എടത്തലപ്പടി റോഡുകൂടി ഉൾപ്പെടുന്ന മടിയത്ര മുതൽ നേരേകടവ് വരെയുള്ള റോഡ് പൊതുമരാമത്തുവകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു വൈക്കം നഗരസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. പൂത്തലപ്പടി മുതൽ എടത്തലപ്പടി വരെയുള്ള റോഡിന്റെ പകുതിഭാഗം നഗരസഭാ ഫണ്ടുപയോഗിച്ച് നന്നാക്കാൻ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇതിനായി ഏഴരലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബാക്കി ഭാഗം എം.എൽ.എ. ഫണ്ടുപയോഗിച്ച് നന്നാക്കാൻ നടപടിയെടുക്കും.​

-രതിമോൾ മഹേശൻ

വൈക്കം നഗരസഭാ കൗൺസിലർ