സർവേ അന്തിമഘട്ടത്തിലേക്ക്‌

To advertise here,

കറുകച്ചാൽ : ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നഗരത്തെച്ചുറ്റി നടപ്പാക്കുന്ന റിങ് റോഡ് പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റിൽ 65 കോടി രൂപയാണ് അനുവദിച്ചത്.

ഇതിന് മുന്നോടിയായി സർവേ നടപടികൾക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. സർവേ അവസാനഘട്ടത്തിലാണ്. ഇപ്പോൾ മണ്ണുപരിശോധനയും ആരംഭിച്ചു. നിർമാണജോലികൾ വേഗത്തിലാക്കി കറുകച്ചാലിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് റോണി കെ.ബേബി എം.എൽ.എ. പറഞ്ഞു.

വീടുകളും സ്ഥാപനങ്ങളും ഒഴിവാക്കിയാണ് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയും റിങ് റോഡിനുണ്ട്.

ഏറ്റെടുക്കുക അഞ്ചേക്കർ

:റോഡ് നിർമാണത്തിനായി അഞ്ചേക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരും. നിലവിലെ മൂന്ന് മീറ്ററുള്ള പല പഞ്ചായത്ത് റോഡുകളും 12 മീറ്റർ വീതിയിലേക്ക് മാറും.

സ്ഥലം ഏറ്റെടുപ്പും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുവർഷത്തോളം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

രണ്ട് ഘട്ടങ്ങളായാണ് റോഡ് പൂർത്തിയാക്കുന്നത്. ചങ്ങനാശ്ശേരി-വാഴൂർ, മല്ലപ്പള്ളി റോഡുകളിലെ ഗതാഗതക്കുരുക്ക് കുറച്ച് സുഗമമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം.

എൻ.എസ്.എസ്.പടിയിൽ തുടക്കം

:വാഴൂർ റോഡിൽ കറുകച്ചാൽ എൻ.എസ്.എസ്.പടിക്ക് അടുത്തുള്ള കാർ ഷോറൂമിന് അരകിലൂടെ ബംഗ്ലാംകുന്ന് ഭാഗത്തെ റോഡിലെത്തും. ഇവിടെനിന്നും നെത്തല്ലൂർ കുരിശുകവലയ്ക്കു സമീപത്തെ തോട്ടുപുറമ്പോക്കിലൂടെ പൂവത്തുംകവലയിലേക്ക്. തുടർന്ന് കോട്ടയം-കോഴഞ്ചേരി റോഡ് കടന്ന് കൊച്ചിടത്തിനാട്ട്-നെത്തല്ലൂർ റോഡിലൂടെ ചമ്പക്കര പള്ളിപ്പടിയിലെത്തുന്നതാണ് ആദ്യഘട്ടം.

രണ്ടാംഘട്ടം ഇങ്ങനെ

:മല്ലപ്പള്ളി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ സെൻട്രൽ ജങ്ഷനിലെത്താതെ ബി.എസ്.എൻ.എൽ. ഓഫീസിന് സമീപത്തുകൂടെ കുറ്റിക്കലെത്തും. തുടർന്ന് തട്ടാരടി വഴി കൂത്രപ്പള്ളിയിലേക്ക്. ഇവിടെനിന്നു വാഴൂർ, ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകാം. റിങ് റോഡ് പൂർത്തിയാകുന്നതോടെ നെത്തല്ലൂർ, കറുകച്ചാൽ ടൗൺ എന്നിവിടങ്ങളിലെത്താതെ തിരക്ക് ഒഴിവാക്കി സുഗമമായി യാത്രചെയ്യാം.