എടത്വാ : കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. എടത്വാ–തിരുവല്ല സംസ്ഥാനപാതയിൽ വെള്ളക്കിണർ ജങ്ഷനു സമീപമാണ് പൈപ്പ് ലൈൻ പൊട്ടിയത്. ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
ചോർച്ച പരിഹരിക്കുന്നതിനായി ജല അതോറിറ്റി എടത്വാ സബ് ഡിവിഷൻ ഓഫീസർ മുഹമ്മദ് അഷ്റഫ്, കിഫ്ബി പ്രോജക്ട് എൻജിനിയർ ഗോപൻ, ഓവർസിയർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ആദ്യശ്രമം വിജയിച്ചില്ല. വീണ്ടും ചോർച്ച അടയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകളുടെ ഗുണനിലവാരത്തെയും കാര്യക്ഷമതയെയും കുറിച്ച് നേരത്തേതന്നെ പരാതികൾ ഉയർന്നിരുന്നു. പി.വി.സി, എച്ച്ഡി..പി.ഇ. പൈപ്പുകളാണ് പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരമേറിയ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡിൽ ആലപ്പുഴ നഗരസഭയുടെ കുടിവെള്ള പദ്ധതിയിൽ ഉപയോഗിച്ചിട്ടുള്ള യൂഡിസ്മാറ്റ് പൈപ്പുകൾ സ്ഥാപിക്കണമെന്ന് നിർമാണഘട്ടത്തിൽത്തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിക്കാതെ പി.വി.സി., എച്ച്.ഡി.പി.ഇ. പൈപ്പുകൾ സ്ഥാപിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ജലവിതരണം മുടങ്ങിയതോടെ കുട്ടനാട്ടിലെ നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതത്തിലായത്. കൃഷിസീസൺ ആരംഭിച്ചതോടെ പാടശേഖരങ്ങളിൽനിന്നു പുറന്തള്ളുന്ന വെള്ളം ജലാശയങ്ങളെ മലിനമാക്കിയിട്ടുണ്ട്. ഇതോടെ കുടിവെള്ളത്തിനായി പദ്ധതിയെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലായി. ദിവസങ്ങളായി വിതരണം പുനഃസ്ഥാപിക്കാത്തത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്.
അറ്റകുറ്റപ്പണികളുടെ ഭാഗമായി റോഡിന്റെ പകുതിയോളം ഭാഗത്ത് പത്തടിയിലേറെ ആഴത്തിൽ കുഴിയെടുത്തിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസവും ഇവിടെ വാഹനാപകടം സംഭവിച്ചിരുന്നു. അപായ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ എതിർദിശയിൽനിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യം പതിവായിരിക്കുകയാണ്.
അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി കുട്ടനാട്ടിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നും റോഡിലെ അപകടസാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 11 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented