പണിതീരാതെ കാഞ്ഞിരപ്പള്ളിപഞ്ചായത്തോഫീസ് കെട്ടിടം

To advertise here,

കാഞ്ഞിരപ്പള്ളി : നിർമാണം തുടങ്ങി രണ്ടരവർഷം കഴിഞ്ഞിട്ടും പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയില്ല. അറുപതുവർഷത്തോളം പഴക്കമുള്ള കെട്ടിട്ടം പൊളിച്ചുനീക്കി മുൻ എം.എൽ.എ. എൻ. ജയരാജ് അനുവദിച്ച 3.50 കോടി രൂപയോളം ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം 2024 ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

ഒന്നരവർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ, നിർമാണ വേഗം കുറഞ്ഞത് പുതിയ കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നതിന് തടസ്സമായി. 2025 ഒക്ടോബറിൽ കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതി കെട്ടിടത്തിന്റെ ആദ്യനിലയുടെ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു.

ലിഫ്റ്റ് അടക്കം ആധുനിക സംവിധാനങ്ങളുള്ള 16,000 ചതുശ്ര അടി വിസ്തീർണം വരുന്ന ഈ കെട്ടിടത്തിൽ പഞ്ചായത്തോഫീസ്, വി.ഇ.ഒ. ഓഫീസ്, എൽ.എസ്.ജി.ഡി. വിഭാഗം, കുടുംബശ്രീ ഓഫീസ്, എം.എൽ.എ. ഓഫീസ്, വിവിധ സേവനകേന്ദ്രങ്ങൾ, കഫേ ഷോപ്പ് തുടങ്ങിയവയുണ്ടാകും. രണ്ടുനിലകളുടെ നിർമാണമാണ് ആദ്യഘട്ടമായി നടത്തുന്നത്. തുടർന്ന് രണ്ടാംഘട്ടമായി മൂന്നാം നിലയിൽ ഓഡിറ്റോറിയം നിർമിക്കും. വരുംകാലങ്ങളിൽ മുനിസിപ്പാലിറ്റിയായി ഉയരുന്നതടക്കം കണക്കിലെടുത്താണ് പുതിയ ഓഫീസ് മന്ദിരം നിർമിക്കുന്നത്.

ആദ്യനിലയുടെ ഉദ്ഘാടനം നടത്തിയെങ്കിലും വൈദ്യുതി, ഇന്റീരിയർ പണികൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കാത്തതിനാൽ പുതിയ കെട്ടിടത്തിലേക്ക് മാറാൻ ഇനിയും വൈകും. നിലവിൽ ടൗൺഹാളിലാണ് പഞ്ചായത്തോഫീസിന്റെ പ്രവർത്തനം. മുൻപ് പൊതുപരിപാടികൾക്കടക്കം വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടം ഇപ്പോൾ പൊതുജനങ്ങൾക്ക് നൽകാൻ കഴിയുന്നില്ല.