പൊറുതി മുട്ടി ലൈഫ് മിഷൻ കുടുംബങ്ങൾ
കോട്ടയം : ‘ഫ്‌ളാറ്റ് കിട്ടിയപ്പോൾ ജീവിതം കരപിടിച്ചെന്നാണ് വിചാരിച്ചത്. പക്ഷേ, നല്ല വായു ശ്വസിക്കാനോ, ആഹാരം കഴിക്കാനോ ആകുന്നില്ല. ഒരു മഴപെയ്‌താൽ സ്വന്തം മുറിയിൽ കിടന്നുറങ്ങാൻപോലും പറ്റാത്ത അവസ്ഥ. സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്ന ദുർഗന്ധവും സഹിച്ചാണ് ഞങ്ങളുടെ കുട്ടികൾ അത്താഴം കഴിക്കുന്നത്.’ ലൈഫ് മിഷൻ ഫ്ളാറ്റിലെ ഒരു അമ്മയുടെ വാക്കുകളാണിത്.
കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്റ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് ലൈഫ് എന്ന വാക്ക് ഇന്നൊരു ചോദ്യച്ചിഹ്നമാണ്. 2023 ഏപ്രിലിൽ ഏറെ പ്രതീക്ഷയോടെയാണ് 38-ഓളം കുടുംബങ്ങൾ ഇവിടെ താമസമാരംഭിച്ചത്.
മൂന്നു വർഷം പിന്നീടുമ്പോൾ ഇവർക്ക് ഭാരമായി മാറിയിരിക്കുന്നു ഈ കെട്ടിടം .
ഇവിടെ ജീവിക്കുന്നതുകൊണ്ടുമാത്രം നിത്യരോഗികളായി മാറിയ പലരും കഴിയുന്നതുംവേഗം ഇവിടെനിന്ന് വാടകയ്ക്കെങ്കിലും മാറി ജീവിക്കാൻ കൊതിക്കുകയാണ്. നാലു നിലകളിലായാണ് 38 കുടുംബങ്ങൾ ജീവിക്കുന്നത് .
ഒരു കുടുംബത്തിനായി 16 ലക്ഷം രൂപ മുടക്കി പണിത ലൈഫ് മിഷൻ കെട്ടിടത്തിൽ എല്ലാനിലകളിലും വെള്ളം ചോരുന്നു. മഴക്കാലമായാൽ ബക്കറ്റെടുത്തു വെയ്ക്കും.
മിക്ക മുറികളിലും പൂപ്പലും ചോർച്ചയുമാണ്. മുകൾനിലയിലെ ശൗചാലയത്തിൽനിന്നുൾപ്പെടെയുള്ള വെള്ളം വന്നുവീഴുന്നത് താഴത്തെ വീട്ടുകാരുടെ അടുക്കളയിൽ.
താഴത്തെ നിലയിലെ താമസക്കാരുടെ കിടപ്പുമുറികളുടെയും അടുക്കളഭാഗത്തോടും ചേർന്ന് ശൗചാലയ മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നു. കൊതുകുശല്യവും രൂക്ഷം. മിക്ക കുടുംബങ്ങളും ഈ ദുർഗന്ധം സഹിച്ചുവേണം പാചകംചെയ്യാൻ.കെട്ടിടത്തിൽനിന്നുയരുന്ന കറുത്തനിറത്തിലുള്ള പൊടിശല്യം ആരോഗ്യപ്രശ്‌നങ്ങൾ കൂട്ടുന്നു.
എവിടെനിന്നാണ് പൊടി വീഴുന്നതെന്നോ, എന്ത് പൊടിയാണെന്നോ ആർക്കും കൃത്യതയില്ല.
താമസം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പലർക്കും അലർജിയും ശ്വാസസംബന്ധമായ അസുഖങ്ങളും തുടങ്ങി. കെട്ടിടത്തിൽ ആരോഗ്യ ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളുമില്ല.
ദുർഗന്ധത്തിൽതന്നെ പാചകവും
ഈ ശൗചാലയമാലിന്യത്തിന് തൊട്ടരികിലാണ് വീടിന്റെ അടുക്കള. അവിടെനിന്ന് ഒന്നുംചെയ്യാനാകില്ല. അർബുദ രോഗിയാണ്. ഏറെനേരം ഈ ദുർഗന്ധം സഹിക്കാനുള്ള കരുത്തില്ല. ഇവിടെ താമസം തുടങ്ങിയതിനുശേഷം ശ്വാസസംബന്ധമായ അസുഖങ്ങളും ബാധിച്ചു. രണ്ടാമത്തെ നിലയിലുള്ള മുറിയിലേക്ക് ശ്വാസതടസ്സവുമായി കോണിപ്പടിക്കയറി പോകാനുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്.
-ആമിനാ അബ്ദുള്ള, ലൈഫ് മിഷൻ നിവാസി
കുടിക്കാൻ വെള്ളവുമില്ല
ഇനിയെങ്കിലും നന്നായി ജീവിക്കാമെന്ന് കരുതി വന്നതാണ്. പക്ഷേ, ഇപ്പോൾ കുടിക്കാൻ വെള്ളംപോലുമില്ലാത്ത അവസ്ഥയാണ്.
ആറ്റിൽനിന്നെടുത്ത ഉപയോഗിക്കാൻ കൊള്ളാത്ത വെള്ളമാണ് ഇവിടത്തെ ടാപ്പിൽനിന്നുവരുന്നത്.
വെള്ളം അരിച്ചെടുത്താണ് ഉപയോഗിക്കുന്നത്. എന്നാലും പാചകത്തിന് ലിറ്ററിന് 60-70 രൂപയ്ക്ക് വാങ്ങുന്നു.
- ഉമാദേവി ദിവാകരൻ, ലൈഫ് മിഷൻ നിവാസി
Published: 06 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented