കറുകച്ചാൽ സെൻട്രൽ ജങ്ഷനിലെത്തുന്ന യാത്രക്കാർ വലയുന്നു
കറുകച്ചാൽ : സെൻട്രൽ ജങ്ഷൻ നവീകരണം മുടങ്ങിയെങ്കിലും പൊളിച്ചുനീക്കിയ ഡിവൈഡറുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. പലപ്പോഴായി വാഹനങ്ങളിടിച്ച് പാതി തകർന്ന ഡിവൈഡറുകൾ രണ്ടുവർഷം മുൻപ് പി.ഡബ്ല്യു.ഡി.തന്നെയാണ് പൊളിച്ചുമാറ്റിയത്.
കവല നവീകരണം നടക്കുമെന്ന് കരുതി പുനഃസ്ഥാപിച്ചതുമില്ല. മിനിറ്റിൽ 60-ലധികം വാഹനങ്ങൾ കടന്നുപോകുന്ന കവലയിലെ ആകെയുണ്ടായിരുന്ന ഗതാഗത നിയന്ത്രണ സംവിധാനങ്ങൾകൂടി ഇല്ലാതായതോടെ ഡ്രൈവർമാർ ബുദ്ധിമുട്ടുകയാണ്. 14 കോൺക്രീറ്റ് ഡിവൈഡറുകളാണ് മൂന്ന് റോഡുകൾ സംഗമിക്കുന്ന കവലയിൽ ഉണ്ടായിരുന്നത്. 13 എണ്ണവും പൊളിച്ചുനീക്കി. അവശേഷിക്കുന്ന ഒരെണ്ണം പാതിതകർന്ന നിലയിലുമാണ്.
സിഗ്നൽ സംവിധാനമടക്കം ഉണ്ടായിരുന്ന കവലയിൽ ഇന്ന് വാഹനങ്ങളെ നിയന്ത്രിക്കാൻ യാതൊരു ക്രമീകരണവുമില്ല. ഇതിനിടയിലൂടെ വേണം കാൽനട യാത്രക്കാർ സഞ്ചരിക്കാൻ. ഡിവൈഡറുകളില്ലാത്തതിനാൽ മൂന്ന് റോഡുകളിൽനിന്നുംവരുന്ന വാഹനങ്ങളും തോന്നുംപോലെയാണ് മറ്റ് റോഡുകളിലേക്ക് പ്രവേശിക്കുന്നത്. താത്കാലിക ഡിവൈഡറുകൾപോലും സ്ഥാപിച്ചിട്ടില്ല.
നഗരത്തിലെ കുരുക്ക് അഴിക്കാനായി സെൻട്രൽ ജങ്ഷൻ നവീകരിക്കാൻ രണ്ടുവർഷം മുൻപ് ആലോചന നടത്തിയതാണ്. സർവേ നടത്തി സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന കാരണത്താൽ പിന്നീട് നടപടിയുണ്ടായില്ല. കവലയ്ക്ക് സമീപം കൈയേറി സ്ഥാപിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ സർവേയർ ഇല്ലെന്ന കാരണം പറഞ്ഞാണ് തുടർ നടപടികൾ അന്ന് മുടക്കിയത്. സ്ഥലം ഏറ്റെടുക്കാതെ കവല നവീകരിക്കാനും കഴിയില്ല. മൂന്ന് റോഡുകളിൽനിന്ന് ഒന്നിച്ചെത്തുന്ന വാഹനങ്ങൾ കവലയുടെ നടുക്ക് നേർക്കുനേർ എത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. കൈയേറ്റക്കാരെ സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ തടഞ്ഞെന്നും ആരോപണമുണ്ട്.
Published: 04 Sept 2026, 02:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented