ഗതകാല പ്രൗഢിയിലേക്ക് തോട്ടുവക്കം ശ്രീമൂലം മാർക്കറ്റിനെ ഉയർത്തണം

To advertise here,

വൈക്കം : വൈക്കം തോട്ടുവക്കം പടിഞ്ഞാറെ പാലത്തിന് സമീപം കെ.വി. കനാലിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീമൂലം മാർക്കറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. രാജഭരണകാലത്ത് ആരംഭിച്ച ശ്രീമൂലം മാർക്കറ്റ് പതിറ്റാണ്ടുകളോളം വൈക്കത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. ജലമാർഗവും കരമാർഗവും സാധനസാമഗ്രികൾ ചന്തയിലെത്തിക്കാൻ കഴിയുന്ന ശ്രീമൂലം മാർക്കറ്റിന്റെ പോയകാല പ്രതാപം വീണ്ടെടുക്കാൻ നഗരസഭ പത്തുലക്ഷം രൂപ വിനിയോഗിച്ച് ചന്തയിലെ കടമുറികൾ നവീകരിച്ചിരുന്നു.

മത്സ്യവും മാംസവും പച്ചക്കറിയടക്കമുള്ള ഭക്ഷ്യവസ്തുക്കളും മറ്റ് കാർഷിക- കാർഷികേതര ഉത്പന്നങ്ങളും ലഭിക്കുന്ന ഇടമാക്കി ചന്തയെ മാറ്റുന്നതിനാണ് അധികൃതർ പദ്ധതി തയ്യാറാക്കിയത്. ചന്തയിൽ ആറ് സ്റ്റാളുകളാണുള്ളത്. എന്നാൽ ഏഴുവർഷമായി ചന്തയിലെ മൂന്ന് സ്റ്റാളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു സ്റ്റാളുകൾ വാടകയ്ക്ക് എടുത്തവർ പ്രവർത്തനം ആരംഭിച്ചില്ല. മത്സ്യ, മാംസ വ്യാപാരം നടത്തിയിരുന്ന സ്റ്റാളുകൾ കുറച്ചുകാലത്തിനു ശേഷം പ്രവർത്തനം അവസാനിപ്പിച്ചു. ഇപ്പോൾ ഒരുദിവസം മാത്രം ഇവിടെ മാംസ വിൽപ്പനയുണ്ട്.

മാർക്കറ്റിൽ മാലിന്യസംസ്‌കരണത്തിന് സംവിധാനം ഇല്ലാത്തതായിരുന്നു മാംസവ്യാപാര സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്നതിന് ഇടയാക്കിയത്. സാമ്പത്തിക പരാധീനത ഏറെയുള്ള നഗരസഭ വരുമാനമാർജിക്കാനാണ് ചന്തയിലെ സ്റ്റാളുകൾ നവീകരിച്ചത്. ചന്തയിലേക്ക് കൂടുതൽ വ്യാപാരികളെ ആകർഷിക്കാൻ അധികൃതർ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്.

സ്റ്റാളുകൾ വ്യാപാരത്തിന് നൽകി ചന്തയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശ്രീമൂലം മാർക്കറ്റ് കാര്യക്ഷമമാക്കി പഴയ പ്രതാപകാലത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് കൈമാറിയ ഒരേക്കർ അഞ്ച് സെന്റ് ഭൂമിയിലാണ് നഗരസഭ ശ്രീമൂലം മാർക്കറ്റ് സ്ഥാപിച്ചത്. നിലവിൽ പല സർക്കാർ സ്ഥാപനങ്ങൾക്കായി വിട്ടുനൽകിയ സ്ഥലത്ത് മാർക്കറ്റിനായുള്ളത് 35 സെന്റ് സ്ഥലമാണുള്ളതെന്നും ചെയർമാൻ പറഞ്ഞു.