ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട റോഡിന്റെ പുനർനിർമാണം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡു നവീകരിക്കുന്നത്. കോൺക്രീറ്റ് റോഡ് തകർന്നിട്ട് വർഷങ്ങളായി. റോഡിന്റെ തിട്ട മുഴുവനായി ഇടിഞ്ഞ് താഴേക്കുപതിക്കുന്ന അവസ്ഥയിലായിരുന്നു.

To advertise here,

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാതൃഭൂമി തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു. റോഡുനിർമാണത്തിന്റെ പുരോഗതി ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ് കുമാർ വിലയിരുത്തി. പ്രധാന ക്ഷേത്രമെന്ന നിലയിൽ ദേവസ്വം ബോർഡ് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് പ്രധാന പരിഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ ഊട്ടുപുര 13.5 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ചു. മണ്ഡല, മകരവിളക്കുത്സവം തുടങ്ങുന്നതിനു മുന്നോടിയായി ക്ഷേത്രത്തിനു സമീപമുള്ള ശൗചാലയ ബ്ലോക്കിന്റെ നവീകരണത്തിനായി 19 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഉമാമഹേശ്വര പൂജാമണ്ഡപത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഒൻപതുലക്ഷം രൂപയുടെ ടെൻഡറും പൂർത്തിയായി. നാലുലക്ഷം രൂപ ചെലവഴിച്ച്

ശ്രീകോവിലെ അഭിഷേകതീർഥം പോകുന്നതിനുള്ള നിർഗമനമാർഗത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ പുനർനിർമിക്കുന്നതിനുള്ള 89 ലക്ഷം രൂപയുടെ അടങ്കൽ തയ്യാറാക്കി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനു സമർപ്പിച്ചുണ്ട്. അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിർമാണം തുടങ്ങും. മിത്രപ്പുഴക്കടവിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാൻ ഇറിഗേഷൻ വകുപ്പിനു നിർദേശം നൽകിയതായും ദേവസ്വം ബോർഡംഗം അറിയിച്ചു. ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും റോഡിന്റെ പുനർനിർമാണത്തിനായി സജി ചെറിയാൻ എം.എൽ.എ.യും നിർദേശങ്ങൾ നൽകിയിരുന്നു.

ശബരിമല തീർഥാടനം: റെയിൽവേയുടെ അവലോകനയോഗം ഒൻപതിന്

ചെങ്ങന്നൂർ : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ ഒൻപതിന് രാവിലെ 11-ന് റെയിൽവേ സ്റ്റേഷനിൽ അവലോകന യോഗം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷനാകും. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ, ഗതാഗതം, ആരോഗ്യപരിചരണം, കുടിവെള്ളം, ശുചിത്വം, വിശ്രമസൗകര്യം, വിവരവിനിമയം തുടങ്ങിയ മേഖലകളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സമയബദ്ധമായി പൂർത്തിയാക്കുന്നതിനുമാണ് യോഗം പ്രധാനമായും ലക്ഷ്യമിടുന്നത്.് ട്രെയിൻ സർവീസുകൾ, അധിക കോച്ചുകൾ, പ്ലാറ്റ്‌ഫോം സൗകര്യങ്ങൾ, യാത്രക്കാരുടെ നിയന്ത്രണം, റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ, റിസർവേഷൻ-ടിക്കറ്റ് സൗകര്യങ്ങൾ, സ്റ്റേഷൻ പരിസരത്തെ ഗതാഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.