കടുത്തുരുത്തി : കെ.എസ്.ആർ.ടി.സി. ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 30 പേർക്ക് പരിക്ക്. ഒരാൾ ഒഴികെ ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. മുഴുവൻപേരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെമാത്രം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈക്കം-കടുത്തുരുത്തി റോഡിൽ ആപ്പാഞ്ചിറ പെട്രോൾ പമ്പിന് മുന്നിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

To advertise here,

വൈക്കത്തുനിന്ന് പാലായിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. എതിരേവന്ന പിക്കപ്പ് വാനിൽ ഇടിച്ച ബസ് നിയന്ത്രണംതെറ്റി സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. വളവ് തിരിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസിന്റെ സ്റ്റിയറിങ് ഗാഡ് ഒടിഞ്ഞുപോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. രാവിലെ മത്സ്യവിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകളും തൊഴിലാളികളും അടക്കം 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കോട്ടയത്തുനിന്നും എറണാകുളത്തേക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പിക്കപ്പ് വാനിലാണ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായി തകർന്നു. കടുത്തുരുത്തിയിൽനിന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് കോട്ടയം-എറണാകുളം പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.