അരൂർ : ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പ്രധാന പമ്പിങ് ലൈനിൽ ഇന്റർ കണക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. 28 വരെ പമ്പിങ് നിർത്തിവെച്ചാണ് ജോലികൾ നടത്തുന്നത്. ഇതുമൂലം എട്ട് പഞ്ചായത്തുകളിലെ അരലക്ഷത്തിലധികം കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ വലയുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് പറഞ്ഞതിലും നേരത്തേ ജോലികൾ പൂർത്തീകരിച്ച് പമ്പിങ് ആരംഭിക്കുന്നതിനായാണ് രാത്രിയും പകലും ഒരുപോലെ ജോലികൾ നടത്തുന്നത്. ശനിയാഴ്ച രാത്രിയോടെ റെഡ്യൂസർ ടി പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി.

To advertise here,

ഇതിനിടെ ജില്ലാ കളക്ടറുടെ നിർദേശാനുസരണം ടാങ്കർലോറികളിൽ ശുദ്ധജലം എത്തിച്ചുതുടങ്ങി. കുടിവെള്ളവിതരണം മുടങ്ങിയ പഞ്ചായത്തുകളിൽ നിന്നാവശ്യപ്പെട്ട പ്രകാരമാണ് ഇത് ചെയ്യുന്നത്. ഒരോവാർഡിലും നിശ്ചിത സ്ഥലത്താണ് വെള്ളമെത്തിക്കുന്നത്. എന്നാൽ ചില പഞ്ചായത്തുകളിൽ ഇത് കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയരുണ്ട്. ഇതോടെ ഒരുവാർഡിൽ ഒരുകേന്ദ്രം എന്നത് കുറഞ്ഞത് രണ്ട് വിതരണ കേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിൽ തുറവൂർ ജങ്ഷന് തെക്കുഭാഗത്തേക്ക് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് ഇന്റർ കണക്ഷൻ ചെയ്യുന്നത്. ഇവിടെ ദേശീയപാതാവികസനത്തിന് കരാറെടുത്തിരിക്കുന്ന കെ.സി.സി.യാണ് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത്.

തൈക്കാട്ടുശ്ശേരി ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് കടയ്ക്കരപ്പള്ളി, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്ന 800 എം.എം. എച്ച്.ഡി.പി. പൈപ്പിൽ നിന്ന് വ്യാസം കുറഞ്ഞ 450 എം.എം. പൈപ്പുമായി യോജിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. നിലവിൽ പാതയ്ക്കടിയിലൂടെ ഉണ്ടായിരുന്ന പൈപ്പ് ലൈനിൽനിന്ന് പാതയോരത്തേക്ക് മാറ്റിസ്ഥാപിച്ച ലൈനുമായാണ് തൈക്കാട്ടുശ്ശേരിയിൽ നിന്നെത്തുന്ന ലൈൻ യോജിപ്പിക്കുക. ഈ ജോലി പൂർത്തിയായശേഷം അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ എന്നീ പഞ്ചായത്തുകളിലേക്കുപോകുന്ന 700 എം.എം. പൈപ്പുമായി യോജിപ്പിക്കും.