കോതമംഗലം : ദേശീയപാത നവീകരണത്തിലെ അപാകം കാരണം പൈപ്പ് പൊട്ടലും വലിയകുഴിയും ഗതാഗതത്തിന് ഭീഷണിയാകുന്നു.
കുത്തുകുഴി മുതൽ നേര്യമംഗലം വരെ റോഡിന്റെ ആറ് ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. അയ്യങ്കാവ് ക്ഷേത്രത്തിന് മുന്നിൽ, നെല്ലിമറ്റം ടൗണിലെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ, നെല്ലിമറ്റം ടൗണിൽ കവളങ്ങാട് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് സമീപം അൻപതടിക്കുള്ളിൽ രണ്ട് സ്ഥലത്തും കവളങ്ങാട് കവലയിലും ഇവിടെനിന്ന് 200 മീറ്റർ മാറിയും ഊന്നുകൽ ബസ് സ്റ്റോപ്പ്, നേര്യമംഗലം ടൗൺ എന്നിവിടങ്ങളിലാണ് പ്രധാന പൈപ്പ് പൊട്ടി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കേണ്ടി വന്നത്.
പൈപ്പ് പൊട്ടിയ പലഭാഗത്തും റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാവുകയാണ്. രാത്രികാലങ്ങളിൽ റോഡിന് നടുവിലെ കുഴിയറിയാതെ വാഹനങ്ങൾ നിരന്തരം അപകടത്തിലാവുകയാണ്. പ്ലാസ്റ്റിക്ക് കോണും ഡിവൈഡറും സ്ഥാപിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. വെളിച്ചക്കുറവിൽ അടുത്തെത്തിക്കഴിയുമ്പോഴാണ് കുഴി ശ്രദ്ധയിൽപ്പെടുന്നതും വെട്ടിക്കുന്നതും അപകടത്തിലാകുന്നതും.
നവീകരണത്തിലെ പൊട്ടലും ചീറ്റലും
കവളങ്ങാട് പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ കുട്ടമംഗലം കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനാണ് അടിക്കടി പൊട്ടുന്നത്.
പാത നവീകരണം നടത്തിയപ്പോൾ കാലപ്പഴക്കം ചെന്ന പ്രധാന പൈപ്പ് ലൈൻ റോഡിന് നടുവിലായി. നിർമാണ ഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തിൽ വീതി കൂട്ടിയപ്പോൾ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതാണ് കാരണം. ഊന്നുകൽ ടൗണിൽ കത്തോലിക്കാ പള്ളിക്ക് സമീപം ബസ് സ്റ്റോപ്പിന് മുന്നിൽ റോഡ് കുത്തിപ്പൊളിച്ച് കുഴിയായി. നെല്ലിമറ്റം ടൗണിൽ കവളങ്ങാട് സഹകരണ ബാങ്കിനു മുന്നിലും സമാന രീതിയിൽ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നു.
കവളങ്ങാട് ലത്തീൻ പള്ളിയിലേക്കും സ്കൂളിലേക്കുമുള്ള വഴിയിൽ കവലയിലെ പ്രധാന ബസ് സ്റ്റോപ്പിന് മുന്നിലും നടുറോഡിൽ ടാറിങ് കുത്തിപ്പൊളിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ ദിവസമാണ് കവളങ്ങാട് കവലയിൽനിന്നും 200 മീറ്റർ മാറി റോഡിന് നടുവിലായി വിതരണ മെയിൻ പൈപ്പ് പൊട്ടിയത്. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി ആറടി താഴ്ചയിലാണ് കുഴിയെടുത്തത്. റോഡിന്റെ മധ്യഭാഗത്തോട് ചേർന്നാണ് കുഴി. പൈപ്പ് നന്നാക്കിയെങ്കിലും കുഴിയെടുത്ത ഭാഗത്ത് ടാറിങ് പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ജല അതോറിറ്റിയും ദേശീയ പാത അധികാരികളും കാട്ടിയ അലംഭാവമാണ് കാരണമായതെന്നാണ് ആരോപണം. റോഡിലൂടെ ഭാരവണ്ടികൾ പോകുമ്പോഴാണ് പൈപ്പ് പൊട്ടൽ ഉണ്ടാകുന്നതെന്ന് ആരോപണമുണ്ട്.
ഒത്തുകളിയെന്ന് എച്ച്.എം.എസ്.
ദേശീയപാത നിർമാണ കരാറുകാരന്റെയും വാട്ടർ അതോറിറ്റിയുടെയും ഒത്തുകളിയാണ് ഈ ദുരവസ്ഥക്ക് കാരണമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപിയും നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടിയും ആരോപിച്ചു. ഇതിനെതിരേ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വിജിലൻസിനും പരാതി നൽകുമെന്ന്് മനോജ് ഗോപി പറഞ്ഞു.
Published: 25 Oct 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented