വൈക്കം : നഗരസഭാ പാർക്കിനുസമീപം വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം പുനഃസ്ഥാപിക്കാൻ നടപടിയാകുന്നു. ബിനാലെ ശില്പം സ്ഥാപിക്കാൻ വർഷങ്ങൾക്കുമുൻപ്‌ മുൻകൈയെടുത്ത വൈക്കം സ്വദേശി എം.കെ. ഷിബു കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി വീണ്ടും നിയമിതനായതോടെയാണ് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നത്.

To advertise here,

ശില്പം മറിഞ്ഞുവീണ് രണ്ടരവർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാതെ ബീച്ച് മൈതാനത്തിനുസമീപം നോക്കുകുത്തിയായി റോഡരികിൽ കാടുകയറിയ നിലയിലായിരുന്നു. കായലോരത്ത് ശില്പത്തോടൊപ്പം നിന്ന് സെൽഫിയെടുക്കാനും ഇതിന്റെ ഭംഗി ആസ്വദിക്കാനും ഒട്ടേറെ ആളുകളാണ് പാർക്കിൽ എത്തിയിരുന്നത്. 2024 മേയിലാണ് വേമ്പനാട്ടുകായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശില്പം സ്ഥാപിച്ചിരുന്ന ഇരുമ്പുതൂണുകൾ ദ്രവിച്ച് മണിയുൾപ്പെടെ മറിഞ്ഞുവീണത്.

കോൺക്രീറ്റ് തൂണിൽ തങ്ങിനിന്നതിനാൽ കായലിലേക്ക് വീണില്ല. ഇത് പാർക്കിലെത്തുന്നവർക്ക് അപകടഭീഷണിയായതിനെത്തുടർന്ന് കായലിൽനിന്നഴിച്ച് യന്ത്രസഹായത്തോടെ ബീച്ച് മൈതാനത്തുള്ള റോഡരികിലേക്കു മാറ്റി.

ശില്പം ഉടൻ പുനഃസ്ഥാപിക്കും

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിൽത്തന്നെ വൈക്കത്തെ ബിനാലെ ശില്പം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. അക്കാദമി നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് നിർമാണം വൈകുന്നതിന് കാരണം. ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് പ്രഥമപരിഗണന നൽകി ശില്പം പുനഃസ്ഥാപിക്കും.

എം.കെ. ഷിബു

സെക്രട്ടറി, കേരള ലളിതകലാ അക്കാദമി

ബിനാലെ ശില്പം ​വൈക്കത്തെത്തിയത്

2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന ശില്പം(മണി) അന്നത്തെ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്റെ ശ്രമഫലമായി 2015-ലാണ് വൈക്കത്തെത്തിച്ചത്. ശില്പി ജിജീസ് സ്കറിയായ്ക്ക് വഴിയോരശില്പപദ്ധതിയുടെ ഭാഗമായി പ്രതിഫലം നൽകി അക്കാദമി വാങ്ങിയ ശില്പമാണിത്. ‘ക്രോണിക്കിൾസ് ഓഫ് ദ് ഷോർസ് ഫോർ ടോൾഡ്’ എന്നായിരുന്നു പേര്. മണിയുടെ ദ്വാരത്തിലൂടെ വെള്ളം പ്രവഹിക്കുന്ന രീതിയിലായിരുന്നു നിർമാണം. നഗരസഭയുടെ സഹകരണത്തോടെ നഗരസഭാ പാർക്കിനടുത്ത് വേമ്പനാട്ടുകായലിൽ മണി സ്ഥാപിച്ചു. ജലനിരപ്പിന് മുകൾഭാഗംവരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനുമുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് മണി ഉറപ്പിച്ചത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച മണിക്ക് 2.5 ടൺ ഭാരമുണ്ട്. സമയാസമയം അറ്റകുറ്റപ്പണികൾ നടത്താതെവന്നതാണ് മണി മറിഞ്ഞുവീഴാൻ കാരണമായത്.