തെക്കേത്തുകവല : വാഹനമിടിച്ച് തകർന്ന കാത്തിരിപ്പുകേന്ദ്രത്തിന്റെ അവശിഷ്ടം കെ.എസ്.ടി.പി.യുടെ നിർദേശാനുസരണം പൊളിച്ചുനീക്കി. ആറുമാസത്തിലേറെയായി വഴിയാത്രക്കാർക്ക് അപകടകരമായ നിലയിൽ തകർന്നുകിടക്കുകയായിരുന്നു പുനലൂർ-പൊൻകുന്നം ഹൈവേയിൽ തെക്കേത്തുകവലയിലെ കാത്തിരിപ്പുകേന്ദ്രം. കഴിഞ്ഞദിവസം കരാറുകാരെത്തി കാത്തിരിപ്പുകേന്ദ്രത്തിന്റെ പൊളിഞ്ഞുകിടന്ന പൈപ്പുകളും ഷീറ്റുകളും നീക്കി.
കാത്തിരിപ്പുകേന്ദ്ര പുനർനിർമാണം വൈകുന്നതായി കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാറും പഞ്ചായത്തംഗം വിഷ്ണു എസ്. നായരും കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. പുനർനിർമിക്കാമെന്ന് വാഗ്ദാനം നൽകി.
എന്നാൽ നിർമാണം പൂർത്തിയായ റോഡ് കെ.എസ്.ടി.പി. പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന നടപടിക്രമം പൂർത്തിയായിട്ടുണ്ട്. അതിനാൽ കെ.എസ്.ടി.പി.യുടെ ചുമതലയിലോ പൊതുമരാമത്തുവകുപ്പ് റോഡ് വിഭാഗത്തിന്റെ ചുമതലയിലോ നിർമാണമെന്ന ആശയക്കുഴപ്പമുണ്ട്. എങ്കിലും കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാമെന്ന വാക്കിൽ വിശ്വാസമർപ്പിക്കുകയാണ് ജനപ്രതിനിധികൾ.
കൃഷിഭവൻ, സ്കൂൾ, മൃഗാശുപത്രി, ബാങ്ക്, വായനശാല, പോസ്റ്റ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള തിരക്കേറിയ കവലയാണ് തെക്കേത്തുകവല. പൊൻകുന്നത്തേക്ക് ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടേണ്ട കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാൽ വഴിയോരത്താണ് യാത്രക്കാർ നിൽക്കുന്നത്.
വളവോടുകൂടിയ കവലയിൽ വഴിയോരത്ത് നിൽക്കുന്നത് അപകടകരമാണ്. രണ്ടുതവണ ഈ കാത്തിരിപ്പുകേന്ദ്രത്തിന് സമീപം അപകടങ്ങളുണ്ടായി. മൂന്നുപേർ മരിച്ചു. അതിനാൽ സുരക്ഷിതമായ ഇടത്തേക്ക് കാത്തിരിപ്പുകേന്ദ്രം മാറ്റി നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ട് അനുവദിക്കും
മാതൃഭൂമി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നു. അവശിഷ്ടം നീക്കണമെന്ന് കെ.എസ്.ടി.പി.യോട് ആവശ്യപ്പെട്ടിരുന്നു. അപകടകരമായ ഇടമാണതെങ്കിൽ സ്ഥലം മാറ്റി കാത്തിരിപ്പുകേന്ദ്രം പുനർനിർമിക്കാൻ സാധ്യത തേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കാത്തിരിപ്പുകേന്ദ്രത്തിന് ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ട് അനുവദിക്കും.
-പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.
Published: 25 Oct 2026, 02:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented