എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി
തിരൂർ : കാലപ്പഴക്കം കാരണം കെട്ടിടം അപകടാവസ്ഥയിലായ തിരൂർ മിനി സിവിൽസ്റ്റേഷന് പുതിയ കെട്ടിടമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. ഇതിന്റെ ഭാഗമായി കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ആർക്കിടെക്ചറൽ പ്ലാൻ രൂപകല്പനയ്ക്കുള്ള നടപടികൾ തുടങ്ങി.
പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തേണ്ട ഓഫീസുകളുടെ മുൻഗണനാക്രമം, ഓരോ നിലയിലും പ്രവർത്തിക്കേണ്ട ഓഫീസുകൾ, അവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ, ജീവനക്കാരുടെ എണ്ണം, അവയിൽ ഗസറ്റഡ്-നോൺ ഗസറ്റഡ് വിഭാഗം എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.
നിയമസഭയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ സബ്മിഷന് മറുപടിയുകയായിരുന്നു മന്ത്രി.
തിരൂർ മിനി സിവിൽസ്റ്റേഷൻ കെട്ടിടം അപകടനിലയിലായതും നിലവിലെ ഓഫീസുകളിലെ സൗകര്യക്കുറവും മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ ഉടൻതന്നെ പൊതുമരാമത്ത് വകുപ്പിനെ നിർവഹണ ഏജൻസിയാക്കി ബജറ്റ് ലഭ്യതയ്ക്ക് അനുസൃതമായി പ്രസ്തുത പദ്ധതി യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതും കമ്പികൾ തുരുമ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ ഘടനാ പരിശോധന നടത്തുന്നതിന് കോഴിക്കോട് എൻ.ഐ.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അവരുടെ റിപ്പോർട്ട് പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനത്ത് രണ്ടാമതുള്ള തിരൂർ താലൂക്കിലെ മിനി സിവിൽസ്റ്റേഷന്റെ ദുരവസ്ഥ സബ്മിഷനിൽ എം.എൽ.എ. തുറന്നുകാട്ടി.
30 വില്ലേജുകൾ ഉൾക്കൊള്ളുന്ന തിരൂരിൽ പത്തിലധികം കെട്ടിടങ്ങൾ ഇപ്പോഴും വാടകകക്കെട്ടിടത്തിലാണെന്നും മിനി സിവിൽസ്റ്റേഷനിലുള്ള സർക്കാർ ഓഫീസുകൾ ജീർണിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സബ്മിഷനിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു.
Published: 29 Oct 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented