പദ്ധതിക്ക് കൃഷി വകുപ്പിന്റെ പച്ചക്കൊടി
പെരിന്തൽമണ്ണ : മലബാറിന്റെ പ്രധാന വരുമാനമാർഗമായിരുന്ന കുരുമുളക് കൃഷിയുടെ പ്രതാപം തിരികെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ‘ബാക്ക് ടു റൂട്ട്സ്-പെപ്പർ മിത്ര’ പദ്ധതിക്ക് കൃഷിവകുപ്പിന്റെ പച്ചക്കൊടി.
അടുത്ത ജൂൺ മാസത്തോടെ പദ്ധതിക്ക് തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ 30000 കുടുംബങ്ങൾക്ക് ഗുണനിലവാരമുള്ള ഒമ്പത് ലക്ഷം കുരുമുളകുതൈകൾ വിതരണം ചെയ്യും. ഓരോ കുടുംബത്തിനും 28 മികച്ച ഇനം കുരുമുളകുതൈകൾ വീതം സൗജന്യമായി നൽകാനാണ് പദ്ധതി.
ആവശ്യമായ എല്ലാവിധ സാങ്കേതിക-വളപ്രയോഗ സൗകര്യങ്ങളും കൃഷിവകുപ്പ് മുഖേനയാവും ലഭ്യമാക്കുക. കർഷകർക്ക് സ്ഥിരവരുമാനവും വിദേശ വിപണി സാധ്യതയും ലക്ഷ്യമിട്ട് നജീബ് കാന്തപുരം എം.എൽ.എ. വിഭാവനം ചെയ്തതാണ് പദ്ധതി.
കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് അനുമതി നൽകിയത്.
‘പെപ്പർ മിത്ര’ പദ്ധതി കാർഷികമേഖലയ്ക്ക് ഉണർവ് നൽകുമെന്നും വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് യോഗത്തിൽ പറഞ്ഞു.
പദ്ധതിയുടെ കാര്യക്ഷമമായ ഏകോപനത്തിനായി പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഗ്രാമപ്പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസർമാരുടെയും പ്രത്യേക യോഗം നേരത്തേ ചേർന്നിരുന്നു.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഭരണസമിതി യോഗങ്ങളും ഗ്രാമസഭകളും വിളിച്ചുചേർക്കും. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ പെരിന്തൽമണ്ണ മണ്ഡലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടം പൂർത്തിയാകുന്നതോടെ മലപ്പുറം ജില്ല പൂർണമായും വയനാട് ജില്ലയിലേക്കും തുടർന്ന് കേരളത്തിലുടനീളവും ‘പെപ്പർ മിത്ര’ വിപുലീകരിക്കാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ ആയിശ മേക്കോട്ടിൽ, റംസീന മുജീബ്, സുലൈഖ കരിമ്പന, ഷഹീനമോൾ, കൃഷി വകുപ്പ് ഡയറക്ടർ അഞ്ജൻ പാണ്ഡ്യൻ, അഡീഷണൽ ഡി.എ.(ഫാം) രജനി മുരളീധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Published: 29 Oct 2026, 02:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented