മുണ്ടക്കയം : മണിമലയാർ, പുല്ലകയാർ എന്നിവിടങ്ങളിലെ മണൽ നീക്കംചെയ്യാതെ കിടക്കുന്നത് നദികളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. മണലൂറ്റ് നിരോധനംമൂലം കാലങ്ങളായി ഇവിടെ മണൽ ലേലമോ മണലൂറ്റോ നടത്തുന്നില്ല.

To advertise here,

നദിയുടെ ആഴം കുറയുന്നതിനും കനത്തമഴയിൽ അതിവേഗം ജലം ഉയർന്ന് തീരപ്രദേശങ്ങളെ വെള്ളപ്പൊക്കടുതിയിൽ ആക്കുന്നതിനും ഇടയാക്കുന്നു. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലഅതോറിറ്റിയുടെയും സ്വകാര്യ ഏജൻസിയുടെയും ജലവിതരണ പദ്ധതികളിൽ ജലം കൃത്യമായി എത്തുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ മണൽകയറി മൂടിപ്പോയതിനാൽ മഴമാറിയാൽ ഉടൻതന്നെ ആറുകളിൽ ജലം ഇല്ലാത്ത അവസ്ഥയ്ക്കും കാരണമാകുന്നു.

ജലഅതോറിറ്റിയുടെ മുണ്ടക്കയത്തെ പ്രധാന കുടിവെള്ളപദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്ന പ്രദേശത്തും ഇതുതന്നെയാണ് അവസ്ഥ. പുല്ലകയാറ്റിലെ ജനകീയ കൂട്ടായ്മയിൽ രൂപപ്പെട്ട വേലനിലം കുടിവെള്ളപദ്ധതിയെയും മണൽത്തിട്ട പ്രതിസന്ധിയിലാക്കി.

2004-ൽ മുൻ എം.എൽ.എ. കെ.വി. കുര്യന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടിവെള്ളപദ്ധതിയുടെ ഭാഗമായ ചെക്ക് ഡാമിൽ 2021-ൽ മണൽ വാരൽ നിലച്ചു. പിന്നീട് പ്രളയത്തെ തുടർന്ന് വന്നുമൂടിയ മണൽ നാല് ലക്ഷം രൂപ മുടക്കി നീക്കം ചെയ്തുവെങ്കിലും ഈ തുക കുടിവെള്ള പദ്ധതിയുടെ നടത്തിപ്പുകാർക്ക് ഇതുവരെ സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം അന്നത്തെ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഇടപെടലിനെ തുടർന്ന് മണൽ ലേലം ചെയ്തിരുന്നു. കരാറുകാരൻ രണ്ടുകോടി രൂപയ്ക്ക് ലേലം ഏറ്റെടുത്തു.

തവണവ്യവസ്ഥയിൽ തുക അടയ്ക്കുവാൻ അപേക്ഷ നൽകിയിരുന്നു. സർക്കാർ ഇത് അംഗീകരിക്കാതെ വന്നതോടെ മുഴുവൻതുകയും കെട്ടിവയ്ക്കുവാൻ കരാറുകാരൻ തയ്യാറായെങ്കിലും അപ്പോഴേക്കും ലേലത്തിന്റെ കാലാവധികഴിഞ്ഞു. പുതിയതായി ലേലം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല. കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിൽ ആയിരത്തിലധികം വീടുകളിൽ കുടിവെള്ളമെത്തുന്ന പദ്ധതി നിലവിൽ പ്രതിസന്ധിയിലായി.

ചെക്ക് ഡാമിലെ മണൽ നീക്കംചെയ്യുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കുടിവെള്ള കമ്മിറ്റി പ്രസിഡന്റ് കെ.കെ. കുര്യൻ പൊട്ടൻകുളം, സെക്രട്ടറി കെ.പി. നാസറുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.