വിവിധ ഏജൻസി പ്രതിനിധികൾ പങ്കെടുക്കും

To advertise here,

പുനലൂർ :ഉദ്ഘാടനം ചെയ്ത് മൂന്നുകൊല്ലം പിന്നിട്ടിട്ടും അടഞ്ഞുകിടക്കുന്ന പുനലൂരിലെ ഇൻഡോർ സ്റ്റേഡിയം തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വെള്ളിയാഴ്ച പുനലൂരിൽ യോഗം ചേരും. സി. അജയപ്രസാദ് എം.എൽ.എ.യാണ് ഇക്കാര്യം അറിയിച്ചത്.

ഉച്ചയ്ക്ക് 2.30-ന് ചേരുന്ന യോഗത്തിൽ, സ്റ്റേഡിയം നിർമാണത്തിന് മേൽനോട്ടം വഹിച്ച ഏജൻസിയായ 'കിറ്റ്‌കോ'യുടെ പ്രതിനിധികളും കരാറുകാരും സ്‌പോർട്‌സ് ഫൗണ്ടേഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി മനസ്സിലാക്കുന്നതിനാണ് യോഗം.

ഉദ്ഘാടനം കഴിഞ്ഞിട്ടും സ്റ്റേഡിയം പ്രവർത്തിപ്പിക്കാത്തതിൽ കായികതാരങ്ങളിൽനിന്നും കായികപ്രേമികളിൽനിന്നും കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് എം.എൽ.എ. ഇടപെട്ട് അവലോകനയോഗം വിളിച്ചിട്ടുള്ളത്. 'കിഫ്ബി'യിൽനിന്ന് അനുവദിച്ച 5.63 കോടി രൂപ ചെലവിട്ട് ചെമ്മന്തൂരിലെ നഗരസഭാ മൈതാനത്ത് 2022 ഡിസംബറിൽ പൂർത്തിയാക്കിയ സ്റ്റേഡിയമാണിത്.

പുനലൂർ നഗരസഭയുമായി സഹകരിച്ച് സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടറേറ്റാണ് സ്റ്റേഡിയം നിർമിച്ചത്. 2023 ജൂണിൽ കായികമന്ത്രിയെത്തി ഉദ്ഘാടനം ചെയ്തിട്ടും സ്റ്റേഡിയം പ്രവർത്തിപ്പിച്ചില്ല.

ഭൂമി തരംമാറ്റുന്നതുൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾമൂലം സ്റ്റേഡിയം തുറക്കുന്നത് അനിശ്ചിതമായി വൈകി. പിന്നീട് ഈ പ്രശ്‌നങ്ങൾ പരിഹരിച്ച് കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറിൽ സ്റ്റേഡിയം വീണ്ടും ഉദ്ഘാടനം ചെയ്തെങ്കിലും തുറന്നില്ല.

രണ്ടാമത്തെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭാധികൃതർ സ്റ്റേഡിയത്തിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ മേൽക്കൂരയിൽ ചോർച്ച, കെട്ടിടത്തിൽ അമിതചൂട്, ലൈറ്റുകളുടെ വിന്യാസത്തിലെ വ്യത്യാസങ്ങൾ തുടങ്ങി ഒട്ടേറെ പിഴവുകൾ കണ്ടെത്തിയിരുന്നു. സ്റ്റേഡിയം പൂർണമായും വിട്ടുകിട്ടിയിട്ടില്ലാത്തതിനാൽ നിലവിൽ നഗരസഭയ്ക്ക് ഇതിൽ അറ്റകുറ്റപ്പണിയോ നിർമാണമോ നടത്താനാവില്ല. നിർമാണപ്പിഴവുകൾ പരിഹരിക്കാതെ സ്റ്റേഡിയം ഏറ്റെടുക്കില്ലെന്ന് നഗരസഭ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പി.എസ്. സുപാൽ എം.എൽ.എ. ആയിരിക്കെ അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിലേക്ക് അഞ്ചുമാസം മുൻപ് സ്പോർട്‌സ് ഉപകരണങ്ങൾ വാങ്ങിയിരുന്നു. ഇവ സജ്ജമായാൽ സ്റ്റേഡിയം പ്രവർത്തിപ്പിക്കാമെന്നായിരുന്നു ധാരണ.

എന്നാൽ സർക്കാർ മാറുകയും 'കിഫ്ബി'യുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് അന്തിമരൂപം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ സ്റ്റേഡിയം പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം.എൽ.എ. അവലോകനയോഗം വിളിച്ചിട്ടുള്ളത്. പ്രശ്‌നങ്ങൾ പരിഹരിച്ച് സ്റ്റേഡിയം തുറന്നാൽ ജില്ലയുടെ കിഴക്കൻ പ്രദേശത്ത് കായികമേഖലയ്ക്ക് മുതൽക്കൂട്ടാകും.