നന്ദികേശൻമാർ സുഗമമായി പടനിലത്തെത്തി
ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കെട്ടുത്സവത്തിന് തടസ്സമായിനിന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞത് ഉത്സവത്തിന്റെ വിജയത്തിന് കാരണമായി. തടസ്സങ്ങൾ ചൂണ്ടിക്കാട്ടി, അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ട് മാതൃഭൂമി പരമ്പരയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
വലുപ്പത്തിൽ മുൻനിരയിലുള്ള കൃഷ്ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതിയുടെ ഓണാട്ടുകതിരവൻ ഉൾപ്പെടെയുള്ള കായംകുളം ഭാഗത്തെ കെട്ടുകാളകൾക്ക് പടനിലത്തേക്ക് കടന്നുവരാൻ തടസ്സമായി കൃഷ്ണപുരത്തെ സമാന്തരപാതയോടു ചേർന്നുനിന്ന 21 വൈദ്യുതത്തൂണുകൾ മാറ്റി, അവിടങ്ങളിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കാനായത് വലിയ ആശ്വാസമായി.
ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി എം. ലിജു, സി.ആർ. മഹേഷ് എം.എൽ.എ., ക്ഷേത്രഭരണസമിതി എന്നിവരുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് ഇടയാക്കിയത്. 50 ലക്ഷംരൂപ അടങ്കലുള്ള നിർമാണപ്രവൃത്തിയുടെ 50 ശതമാനം വീതം കെ.എസ്.ഇ.ബി.യും ക്ഷേത്രഭരണസമിതിയും ആണ് ചെലവഴിച്ചത്.
ദേശീയപാതയിലും സമാന്തരപാതകളിലും തടസ്സമായിനിന്നിരുന്ന ഡിവൈഡറുകൾ, കോൺക്രീറ്റ് പാളികൾ, തകർന്ന ഓടകൾ, യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലമുണ്ടായ കുണ്ടും കുഴികളും തുടങ്ങിയവ വാർത്തയിലൂടെ ചൂണ്ടിക്കാണിക്കുകയും അധികാരികൾ ഉണർന്നുപ്രവർത്തിക്കുകയും ചെയ്തത് കെട്ടുത്സവത്തിന്റെ വിജയത്തിന് കാരണമായി.
ദേശീയപാതയിൽ കായംകുളം, കൃഷ്ണപുരംമുതൽ വവ്വാക്കാവുവരെയുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ ക്ഷേത്രഭരണസമിതിയും കരാർ കമ്പനിയായ വിശ്വസമുദ്രയും മുന്നോട്ടുവന്നു. ഭരണസമിതി ആവശ്യമായ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ളവ കരാർ കമ്പനിക്ക് നൽകാൻ തയ്യാറായത് പ്രശ്നപരിഹാരത്തിന് വേഗംകൂട്ടി.
ചങ്ങൻകുളങ്ങര കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽനിന്നുള്ള കെട്ടുകാളകൾക്ക് കടന്നുവരുന്നതിന് തടസ്സമായിനിന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിനും, വൈദ്യുത കമ്പികൾ അഴിച്ചുമാറ്റുന്നതിനും സമയബദ്ധമായി പ്രവർത്തനങ്ങൾ നടത്തിയതും കെട്ടുത്സവത്തിന്റെ വിജയത്തിന് കാരണമായി.
വാഹനങ്ങളുടെ പാർക്കിങ്, സുരക്ഷ, ക്രമസമാധാനപാലനം, ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളിലും വാർത്തകൾ നിരന്തരം വന്നുകൊണ്ടേയിരുന്നു. കെട്ടുത്സവത്തിൽ പങ്കെടുക്കുന്നവരുടെയും കാണാൻ എത്തുന്നവരുടെയും സുരക്ഷയെ കരുതി അഞ്ചുകോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ക്ഷേത്രഭരണസമിതി ഏർപ്പെടുത്തിയതും ശ്രദ്ധേയമായി. കെട്ടുത്സവത്തിന് ക്ഷേത്രപരിധിയിലുള്ള കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചതും വിജയത്തിനും സുരക്ഷിതത്ത്വത്തിനും കാരണമായി.
Published: 24 Sept 2026, 02:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented