കടുത്തുരുത്തി :ബസ് യാത്രയ്ക്കിടെ മോഷണം പോയ രണ്ടേമുക്കാൽ പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി, സാധു കുടുംബത്തിന് തിരികെ നൽകി സാന്ത്വനമേകി കടുത്തുരുത്തി പോലീസ്.

To advertise here,

നവംബർ 26-ന് രാവിലെ 9.30 ഓടെ എഴുമാന്തുരുത്ത് കുര്യപ്പാറയിൽ രവീന്ദ്രന്റെ ഭാര്യ ഇ.ജി. ശ്രീലത(52) പണയം വെയ്ക്കാൻ പോകുന്നതിനിടെ ബസിൽവെച്ച് തമിഴ് നാടോടി സ്ത്രീ സ്വർണം മോഷ്ടിക്കുകയായിരുന്നു. ആയാംകുടിയിലെ ഗ്രാമീൺ ബാങ്കിൽനിന്നെടുത്ത വായ്പ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കടം തീർക്കാനാണ് സഹോദരങ്ങളുടെ കൈയ്യിൽനിന്ന് ശ്രീലത സ്വർണം വാങ്ങിയത്. രണ്ട് കൈച്ചെയിനുകളും ഒരു മാലയുമാണുണ്ടായിരുന്നത്.

മാഞ്ഞൂരിൽനിന്നും ഇതുമായി ശ്രീലത കോട്ടയത്തുനിന്നും വൈക്കത്തേക്ക് പോകുകയായിരുന്ന മാധവ് ബസിൽ കയറി. ഇവർക്കൊപ്പം ബസ് സ്റ്റോപ്പിലിരുന്ന സ്ത്രീയും മറ്റ് സ്ത്രീകളും തുടർന്നുള്ള സ്റ്റോപ്പുകളിൽനിന്നും ബസിൽ കയറി.

കടുത്തുരുത്തിയിൽ ഇറങ്ങുന്നതിനിടെ നാടോടി സ്ത്രീകൾ കൃത്രിമ തിരക്കുണ്ടാക്കി ശ്രീലതയുടെ ബാഗിൽനിന്നും സ്വർണം മോഷ്ടിച്ചു. ബാങ്കിലെത്തി പണയംവെയ്ക്കാനായി സ്വർണം എടുക്കാനായി ബാഗ് തുറന്നപ്പോഴാണ് ആഭരണങ്ങൾ മോഷണംപോയ വിവരം അറിയുന്നത്. തുടർന്ന് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബസിലെ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് മോഷണം നടത്തിയ നാടോടി സ്ത്രീയെ തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ, തെങ്ങമം ചേനംപുത്തൂർ കോളനിയിൽ ഇവർ ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചു. തിരുനെൽവേലി കോവിൽ സ്ട്രീറ്റ് ശിവഗിരി സ്വദേശി അറുമുഖന്റെ ഭാര്യ സെൽവി പാർവതി (50) യെ അറസ്റ്റുചെയ്തു. കടുത്തുരുത്തി എസ്എച്ച്ഒ എസ്.എസ്. അൻസലിന്റേയും എസ്ഐ ടി.ആർ. ദീപുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു വൈക്കം കോടതിയിൽ ഹാജരാക്കി.

പ്രതികളുടെ വക്കീൽ വൈക്കം കോടതിയിൽ ഹാജരാക്കിയ മോഷ്ടിച്ച സ്വർണാഭരണം കടുത്തുരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ ശ്രീലതയ്ക്ക് തിരികെ നൽകി. ശ്രീലതയും ഭർത്താവും കെയ്ക്കുമായി വന്ന് പോലീസ് സ്റ്റേഷനിൽ മധുരം പങ്കുവെച്ചു.