ചാത്തന്നൂർ : ദേശീയപാത 66-ന്റെ സർവീസ് റോഡരികിൽ കാൽനടയാത്രക്കാർക്ക് കെണിയൊരുക്കി കേബിളുകൾ റോഡിലേക്ക് വീണുകിടക്കുന്നു. ചാത്തന്നൂർ ജങ്ഷനിൽ മെഡിക്കൽ സ്റ്റോറിന് മുന്നിലുള്ള പോസ്റ്റിൽനിന്നാണ് കേബിളുകൾ അപകടകരമായ വിധത്തിൽ താഴേക്ക് കിടക്കുന്നത്.

To advertise here,

കൊരുപ്പുകട്ട പാകിയ നടപ്പാതയിലേക്കും റോഡരികിലേക്കും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇവ കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. എൽ.പി. സ്‌കൂൾ, എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് കുട്ടികളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. രാവിലെയും വൈകീട്ടും സ്‌കൂൾ സമയങ്ങളിൽ തിരക്കേറുന്ന റോഡിൽ കേബിളുകളിൽ കാൽ കുരുങ്ങി കുട്ടികളും മുതിർന്നവരും വീഴുന്നത് പതിവായിട്ടുണ്ട്. കേബിളുകൾ ഇരുചക്രവാഹനങ്ങളുടെ ചക്രത്തിൽ കുരുങ്ങി വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

കേബിളുകൾ അലക്ഷ്യമായി കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന കേബിളുകൾ അടിയന്തരമായി നീക്കംചെയ്യുകയോ സുരക്ഷിതമായി കെട്ടിവെക്കുകയോ ചെയ്യണമെന്നാണ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം.